നിയമസഭ തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് നഷ്ടം ലക്ഷം വോട്ട്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായ യു.ഡി.എഫിന് ജില്ലയില്‍ ഒഴുകിപ്പോയത് 95,871 വോട്ട്. നേട്ടമുണ്ടാക്കിയതാകട്ടെ എന്‍.ഡി.എയും. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2.59 ലക്ഷം വോട്ടാണ് എന്‍.ഡി.എക്ക് ഇക്കുറി ജില്ലയില്‍ അധികം ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 45.4 ശതമാനം നേടിയ എല്‍.ഡി.എഫിന് 28,375 വോട്ട് അധികം ലഭിച്ചപ്പോള്‍ 8.79 ലക്ഷം വോട്ടായി. 2011 ല്‍ എല്‍.ഡി.എഫിന് 46.7 ശതമാനം വോട്ടുണ്ടായിരുന്നു. വോട്ടര്‍മാരുടെ വര്‍ധനക്കനുസരിച്ച് വോട്ട് വിഹിതം വര്‍ധിക്കാത്തതിനാലാണ് ശതമാനക്കണക്കില്‍ നേരിയ കുറവുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ 33.7 ശതമാനം വോട്ട് ലഭിച്ച യു.ഡി.എഫിന് 6.52 ലക്ഷം വോട്ടാണുള്ളത്. 2011ല്‍ 44.2 ശതമാനം വോട്ട് യു.ഡി.എഫിനായിരുന്നു. ജില്ലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ 3.74 ലക്ഷം വോട്ട് നേടിയപ്പോള്‍ മുന്നണിയുടെ വോട്ട് ശതമാനം 19.3 ആയി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 6.8 ശതമാനം വോട്ട് മാത്രമാണുണ്ടായിരുന്നത്. തദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് വോട്ട് വ്യത്യാസം 1,02,247 വോട്ടിന്‍േറതായിരുന്നു. എല്‍.ഡി.എഫിന് അധികം കിട്ടിയ ഈ വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറികടക്കാന്‍ യു.ഡി.എഫിന് കഴിയാത്തതിന് പുറമെ കൈയിലുള്ള 95,871വോട്ട് നഷ്ടപ്പെടുകയും ചെയ്തു. തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരുലക്ഷത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷം എല്‍.ഡി.എഫിന് ഉണ്ടായിരുന്നെങ്കിലും കോര്‍പറേഷന്‍ പരിധിയില്‍ 106 വോട്ട് മാത്രമാണ് അധികം നേടിയത്. എന്നാല്‍, കോര്‍പറേഷനിലെ 29 ഡിവിഷനുകള്‍ മാത്രം ഉള്‍പ്പെടുന്ന തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന് 6,987 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ പിടിപ്പുകേടാണ് ഇത് കാണിക്കുന്നതെന്ന് ഒരുവിഭാഗം നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമുയര്‍ത്തി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പരസ്യമായി രംഗത്ത് വരുകയും ചെയ്തു. ബി.ഡി.ജെ.എസിന് ശക്തമായ സ്വാധീനമുള്ള ജില്ലയായി പറയപ്പെട്ടിരുന്ന തൃശൂരില്‍ എന്‍.ഡി.എ സഖ്യം നേടുന്ന വോട്ടുകള്‍ എല്‍.ഡി.എഫ് ക്യാമ്പില്‍ നിന്നാകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, എന്‍.ഡി.എ പിടിച്ച വോട്ടുകള്‍ തങ്ങളുടെ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്നാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ കരുതുന്നത്. കാലങ്ങളായി ഇടതുപക്ഷത്തിന്‍െറ വോട്ട് ബാങ്കായിരുന്ന ഈഴവ വിഭാഗത്തിന്‍െറ വോട്ട് ഇത്തവണ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ രൂപപ്പെട്ട ബി.ഡി.ജെ.എസിനാകുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടല്‍. എന്നാല്‍, യു.ഡി.എഫിന് ലഭിക്കുന്ന ഈഴവ വോട്ടുകളാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികളിലൂടെ എന്‍.ഡി.എ ക്യാമ്പില്‍ എത്തിയതെന്ന് കോണ്‍ഗ്രസിലെ യുവ നേതൃനിര പറയുന്നു. എന്‍.ഡി.എ സ്വാധീന മേഖലകളില്‍ കൃത്യമായി ഇടപെട്ട് വോട്ട് നേടുമെന്ന അവസ്ഥ വന്നപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തിലെ വോട്ടര്‍മാര്‍ ഇടതു പക്ഷത്തോടൊപ്പം നിന്നു. ജില്ലയിലെ ആറ് മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കുന്നതില്‍ ന്യൂനപക്ഷ വോട്ടിന് നിര്‍ണായക സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം എല്‍.ഡി.എഫിന് ചരിത്രത്തില്‍ കിട്ടാത്ത വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.