ഗീത ഗോപിക്കെതിരെ പരാതിയുമായി യു.ഡി.എഫ്

തൃപ്രയാര്‍: തെറ്റായ വികസന കണക്കുകള്‍ അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ എല്‍.ഡി.എഫ് സ്ഥാനര്‍ഥി ഗീത ഗോപിക്കെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയതായി യു.ഡി.എഫ്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കോഓഡിനേറ്റര്‍ ഇ.വി. ധര്‍മനാണ് പരാതി നല്‍കിയത്. നാട്ടിക നിയോജകമണ്ഡലത്തിന് അനുവദിച്ച ആസ്തിവികസന ഫണ്ടില്‍നിന്ന് 5.13 കോടി രൂപ നഷ്ടപ്പെടുത്തുകയാണ് ഗീത ഗോപി ചെയ്തത്. 200 കോടിയുടെ വികസനം നടത്തിയെന്ന് പറഞ്ഞ് അച്ചടിച്ചിറക്കിയ നോട്ടീസില്‍ പല പദ്ധതികളും ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിക്കാത്തതാണ്. തൃപ്രയാര്‍ ക്ഷേത്രനടപ്പാത വികസനത്തിന് രണ്ടുകോടി ചെലവാക്കിയതായി അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ചത് 50 ലക്ഷം മാത്രമാണെന്നാണ് വിവരാവകാശ രേഖയിലുള്ളത്. ജനങ്ങളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വോട്ട് നേടാനുള്ള ശ്രമത്തിന് സ്ഥാനാര്‍ഥിയെ അയോഗ്യയാക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ജോസ് വള്ളൂര്‍, ഡി.സി.സി സെക്രട്ടറിമാരായ അനില്‍ പുളിക്കല്‍, വി.ആര്‍. വിജയന്‍, ബ്ളോക് പ്രസിഡന്‍റ് കെ. ദിലീപ്കുമാര്‍, കെ.കെ. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.