ആത്മവിശ്വാസം വിടാതെ മുന്നണികള്‍

തൃശൂര്‍: മുന്നണി നേതാക്കളും സ്ഥാനാര്‍ഥികളും പ്രകടിപ്പിച്ച ആത്മവിശ്വാസം വോട്ടിന്‍െറ രൂപത്തില്‍ ഇന്ന് വൈകീട്ട് ആറിനകം വോട്ടിങ് യന്ത്രത്തില്‍ കയറിപ്പറ്റും. ഞൊടിയിടയില്‍ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും വിമതരും ജനപിന്തുണയുള്ള സ്വതന്ത്രരും ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യവും സൃഷ്ടിക്കുന്ന അടിയൊഴുക്കിനിടയിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. കൊട്ടിക്കലാശത്തിനിടെ വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേരെ ചെരിപ്പേറുണ്ടായതും ഇത് പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍േറതാണെന്ന കണ്ടത്തെലും വടക്കാഞ്ചേരിയില്‍ വിജയം പ്രതീക്ഷിച്ച യു.ഡി.എഫ് ക്യാമ്പിനെ തെല്ല് അസ്വസ്ഥമാക്കിയിട്ടുണ്ട്. ഒല്ലൂരില്‍ എം.പി.വിന്‍സെന്‍റിനെതിരെയിറങ്ങിയ നോട്ടീസില്‍ മുന്നണിക്ക് അത്ര ആശങ്കയില്ല. കൊടുങ്ങല്ലൂരില്‍ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘര്‍ഷം അരുതാത്തതായിരുന്നെന്ന് ഇടത് നേതാക്കള്‍ പറയുന്നു. കുന്നംകുളം, മണലൂര്‍ എന്നിവിടങ്ങളില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്. ചാലക്കുടിയിലും, പുതുക്കാടും ഇടതുമുന്നണിക്ക് വിജയപ്രതീക്ഷയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരില്‍ ഫലം പ്രവചനാതീതമാണ്. പരസ്യ പ്രചാരണം അവസാനിച്ചെങ്കിലും ഞായറാഴ്ചയും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും തിരക്കൊഴിഞ്ഞിരുന്നില്ല. രാവിലെ സ്ളിപ്പ് നല്‍കാനും സ്വകാര്യ സന്ദര്‍ശനത്തിനുമായി വലിയ ആള്‍ക്കൂട്ടമില്ലാതെയാണ് സ്ഥാനാര്‍ഥിയും മറ്റും ഇറങ്ങിയത്. നേതാക്കള്‍ പ്രധാന പ്രവര്‍ത്തകരുമായി അവസാനവട്ട വിലയിരുത്തലും കൂടിയാലോചനകളും നടത്തി. ആരോഗ്യ പ്രശ്നങ്ങളുള്ള വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കി. പോളിങ് ബൂത്തുകളിലേക്കുള്ള വഴികളില്‍ തോരണങ്ങളും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും മറ്റ് അലങ്കാരങ്ങളുമൊരുക്കുന്നത് രാത്രി ഏറെ വൈകിയാണ് പൂര്‍ത്തിയായത്. മഴ പോളിങ്ങിനെ ബാധിക്കുമോയെന്നത് മാത്രമാണ് മുന്നണികള്‍ക്കുള്ള ആശങ്ക. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് എല്‍.ഡി.എഫിന്‍െറ അവകാശവാദം. അവസാന നാളിലെ കണക്കെടുപ്പുകള്‍ പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്ന് യു.ഡി.എഫും പറയുന്നു. ബി.ഡി.ജെ.എസ് ബന്ധം ഇരു മുന്നണികളുടെയും വിജയസാധ്യതയെ തിരുത്തുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.