പടിയൂര്‍: മാധവിക്കുട്ടിയുടെ കഥാഭൂമികയില്‍ പൂത്തുലഞ്ഞ മലയാളിയുടെ ഗൃഹാതുര സങ്കല്‍പങ്ങളിലൊന്നായ നീര്‍മാതളം പോത്താനിയുടെ മണ്ണിലും. പച്ച ഇലകള്‍ക്കിടയില്‍ ഇളംമഞ്ഞവസന്തം വാരിവിതറിയ നീര്‍മാതളപ്പൂക്കളുടെ സൗരഭ്യം പോത്താനിയുടെ മണ്ണില്‍ ഇതാദ്യമായാണ്. ഒൗഷധസസ്യ കൃഷിയിലൂടെ ശ്രദ്ധേയനായ മുളങ്ങാട്ട് ചക്കഞ്ചാത്ത് ഉണ്ണികൃഷ്ണന്‍െറ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇളംമഞ്ഞ നിറത്തില്‍ ദളങ്ങളും നീളമുള്ള ഇളം ചുവപ്പ് കേസരങ്ങളുമായി നീര്‍മാതളപ്പൂവിരിഞ്ഞത്. മാമ്പൂപോലെ പുതുമഴയിലാണ് ഇത് പൂക്കാന്‍ തുടങ്ങുക. പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകൊഴിഞ്ഞ അവസ്ഥയിലായിക്കും. പൂക്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അകമ്പടിയായി ഇലകളും കാണും. പൂക്കള്‍ക്കിടയില്‍ ചാര നിറത്തോടുകൂടിയ കായകളുണ്ട്. ക്രിറ്റേവ റിലീജിയോസ വിഭാഗത്തില്‍പെടുന്ന നീര്‍മാതളം ഒൗഷധഗുണമുള്ള മരമാണ്. ഇതിന്‍െറ വേര് ആയുര്‍വേദത്തിലെ വാരുണാദി ഗണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രാശയരോഗത്തിനും ഉത്തമ ഒൗഷധമാണ്. പുഴയോരങ്ങളിലും ആര്‍ദ്ര ഹരിത വനങ്ങളിലും കാണപ്പെടുന്ന ക്രൈറ്റേവ മാഗ്ന എന്ന വിഭാഗമാണ് കേരളത്തില്‍ കൂടുതല്‍ കാണപ്പെടുന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വരണ്ട ഇലപൊഴിയും കാട്ടില്‍ കാണപ്പെടുന്ന ക്രൈറ്റേവ അസന്‍സോണിയും കേരളത്തിലുണ്ട്. കപ്പാരേസിയ കുടുംബത്തില്‍പെടുന്നവയാണ് നീര്‍മാതളം. സൈക്കി എന്ന ചെറു വെള്ളാട്ടി, ചോക്കലേറ്റ് ആല്‍ബട്രോസ് തുടങ്ങിയ പൂമ്പാറ്റകള്‍ മുട്ടയിടുന്നതും നീര്‍മാതളങ്ങളിലാണ്. അപൂര്‍മായ ഇവയെ തിരിച്ചറിയാതെ നശിപ്പിക്കപ്പെടുന്നുണ്ട്. മധ്യേന്ത്യയിലും ബംഗാള്‍, അസം എന്നിവിടങ്ങളിലും കാണപ്പെടുന്ന നീര്‍മാതളം ഉത്തര മലബാറിലാണ് വ്യാപകമായി കാണപ്പെടുന്നത്. ആസ്ട്രേലിയയും ജപ്പാനുമാണ് നീര്‍മാതളത്തിന്‍െറ ജന്മദേശം. നാട്ടില്‍ അപൂര്‍വമായ നീര്‍മാതളത്തിന്‍െറ പൂക്കള്‍ കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. നീലക്കൊടുവേലി, ചങ്ങലംപരണ്ട, പുഷ്കരമൂലം, കല്‍ത്താമാര, നീലയമരി, സോമലത, കരിമഞ്ഞള്‍, വയമ്പ് തുടങ്ങിയ അപൂര്‍വ സസ്യങ്ങളും ഉണ്ണികൃഷ്ണന്‍ വീട്ടുമുറ്റത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.