കൊടുങ്ങല്ലൂര്‍: കൊട്ടിക്കലാശത്തിനിടെ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടി. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍, എല്‍.ഡി.എഫ് പ്രവര്‍ത്തകരായ ഉഴുവത്തുകടവ് സ്വദേശി രാധാകൃഷ്ണന്‍ (40), പുല്ലൂറ്റ് പൊന്നമ്പത്ത് അന്‍വര്‍ (37), അണ്ടുരുത്തില്‍ ഷൈന്‍ (37) എന്നിവരെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും യു.ഡി.എഫ് കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇ.എസ്. സാബു, യൂത്ത് കോണ്‍ഗ്രസ് മത്തേല മണ്ഡലം പ്രസിഡന്‍റ് ടി.എസ്. സുദര്‍ശന്‍, കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ.എസ്. പ്രസീണ്‍, എന്‍.കെ. ഇസ്മായില്‍ എന്നിവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് 4.30ഓടെയാണ് കൊടുങ്ങല്ലൂര്‍ നഗരം സംഘര്‍ഷവേദിയായത്. സര്‍വകക്ഷി യോഗ തീരുമാനം അനുസരിച്ച് കൊട്ടിക്കലാശത്തിന് ചന്തപ്പുര ഭാഗം എല്‍.ഡി.എഫിനും വടക്കേനട വില്ളേജ് ഓഫിസ് പരിസരം യു.ഡി.എഫിനും തെക്കേനട എന്‍.ഡി.എക്കുമാണ് അനുവദിച്ചത്. മൂന്നുപ്രദേശങ്ങളിലും കൊട്ടിക്കലാശം നടക്കുന്നതിനിടെ എല്‍.ഡി.എഫ് ജാഥ വടക്കേനടയിലെ ക്ളോക്ക് ടവര്‍ ചുറ്റി തിരിച്ചുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. എല്‍ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ചില നേതാക്കളും പൊലീസും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും 15 മിനിറ്റ് സംഘര്‍ഷം തുടര്‍ന്നു. ഒടുവില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് ഇരുകൂട്ടരെയും മാറ്റിയത്. പൊലീസ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്നതും വിനയായി. എല്‍.ഡി.എഫിന് അനുവദിച്ച ചന്തപ്പുര ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് യു.ഡി.എഫ് പ്രചാരണ വാഹനങ്ങള്‍ അതിക്രമിച്ച് കടന്നതാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് എല്‍.ഡി.എഫ് കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ഇതു പലവട്ടം അറിയിച്ചിട്ടും പൊലീസ് നിസ്സംഗത പാലിച്ചു. വടക്കേനടയിലേക്ക് സമാധാനപരമായി നടത്തിയ പ്രകടനം തടഞ്ഞ് യു.ഡി.എഫുകാര്‍ ആക്രമിക്കുകയായിരുന്നെന്നും എല്‍.ഡി.എഫ് പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് അനുവദിച്ച ഭാഗത്തേക്ക് നഗരസഭാ ചെയര്‍മാന്‍ വിപിന്‍ചന്ദ്രന്‍െറ നേതൃത്വത്തില്‍ സംഘം ഇരച്ചുകയറി അക്രമിക്കുകയായിരുന്നെന്നാണ് യു.ഡി.എഫിന്‍െറ ആരോപണം. പരാജയഭീതി പൂണ്ടാണ് സി.പി.ഐക്കാര്‍ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ടി.എന്‍. പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. സര്‍വകക്ഷി യോഗ തീരുമാനം പാലിക്കേണ്ട പ്രഥമവ്യക്തി നഗരസഭാ അധ്യക്ഷനാണ്. അദ്ദേഹം തന്നെ നിയമ ലംഘനം നടത്തിയത് പ്രതിഷേധാര്‍ഹമാണെന്നും എം.എല്‍.എ പറഞ്ഞു. പരിക്കേറ്റ നഗരസഭ അധ്യക്ഷനെയും പ്രവര്‍ത്തകരെയും സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.