തൃശൂര്‍: സ്വയംപര്യാപ്തതാ ഗ്രാമത്തില്‍ ഉള്‍പ്പെടുത്തി ചേലക്കര നിയോജകമണ്ഡലത്തിലെ വരവൂര്‍ നെല്ലിക്കുന്ന് കോളനിയില്‍ നടത്തിയ പ്രവൃത്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള നിര്‍ദേശം പാലിക്കാത്തതിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുത്തു. സാധുജന പരിപാലന സംഘം ജില്ലാ പ്രസിഡന്‍റ് വെട്ടുകാട് കോളനി കുമരപ്പനാല്‍ വി.സി. മുരളി നല്‍കിയ പൊതുതാല്‍പര്യ ഹരജി സ്വീകരിച്ച വിജിലന്‍സ് കോടതി, വകുപ്പ് നടത്തിയ പ്രവൃത്തികളെക്കുറിച്ച് മാര്‍ച്ച് എട്ടിന് അറിയിക്കണമെന്ന് ഉത്തരവിട്ടിരുന്നു. സമയം അനുവദിച്ചിട്ടും ഡയറക്ടറോ ചുമതലയുള്ളവരോ കോടതിയില്‍ ഹാജരായില്ല. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടു. പട്ടികജാതി വികസന ഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍, വടക്കാഞ്ചേരി ബ്ളോക് പട്ടികജാതി വികസന ഓഫിസര്‍, പ്രവൃത്തികള്‍ നടത്തിയ കരാര്‍ കമ്പനിയായ എറണാകുളം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്നിവരെ പ്രതി ചേര്‍ത്ത് വി.സി 20/2016/ ടി.എസ്.ആര്‍ നമ്പരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി കേസ് അന്വേഷിക്കുന്ന തൃശൂര്‍ വിജിലന്‍സ് സംഘം കോടതിയില്‍ അറിയിച്ചു. 2012-‘13ല്‍ വരവൂര്‍ നെല്ലിക്കുന്ന് കോളനിയിലെ പട്ടികജാതിക്കാരുടെ ക്ഷേമത്തിന് ഒരു കോടി ചെലവില്‍ ആവിഷ്കരിച്ച ഏഴ് പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല. 30 വീടുകള്‍ അറ്റകുറ്റപ്പണിക്ക് കണ്ടത്തെിയെങ്കിലും 10 എണ്ണം മാത്രമാണ് പുനരുദ്ധരിച്ചത്. നാമമാത്രമായ പണി മാത്രമാണ് നടത്തിയതെന്നാണ് പരാതി. റോഡുകളുടെ പുനരുദ്ധാരണത്തിലും ക്രമക്കേടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ.ആര്‍. മുരളീധരന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.