തൃപ്രയാര്‍: നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിന് നേരെ ഞായറാഴ്ച രാത്രി ആക്രമണം. ബെഞ്ചുകളും ഡെസ്കുകളും തല്ലിത്തകര്‍ക്കുകയും വൈദ്യുതി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ക്ളാസ് മുറികളിലെ വൈദ്യുതി സ്വിച്ച് ബോര്‍ഡുകള്‍ അടര്‍ത്തിക്കൊണ്ടുപോയി. ആറ് ഫാനുകള്‍ വളച്ചൊടിച്ച് നശിപ്പിച്ചു. പാചകപ്പുരയിലെ ഉപകരണങ്ങളും പലവ്യഞ്ജനങ്ങളും നശിപ്പിച്ച് മേല്‍ക്കൂരയിലെ ഓടുകള്‍ തല്ലിത്തകര്‍ത്തു. മുറികളിലിട്ടിരിക്കുന്ന ടൈലുകള്‍പോലും ഇളക്കിപ്പറിച്ചു. ഇലക്ട്രിക് ബള്‍ബുകള്‍ ഉടച്ചു. മതില്‍ തുരന്ന് വലിയ ദ്വാരമുണ്ടാക്കിയ നിലയിലാണ്. സ്കൂള്‍ അധികൃതര്‍ വലപ്പാട് പൊലീസില്‍ പരാതി നല്‍കി. നാലാം വര്‍ഷമാണ് തുടരെ സ്കൂളിന് നേരെ ആക്രമണം നടക്കുന്നത്. കായികരംഗത്തും പഠനരംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്ന തീരമേഖലയിലെ പ്രമുഖ സര്‍ക്കാര്‍ വിദ്യാലയത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി സംസ്ഥാനത്തിന്‍െറ പേര് ഉയര്‍ത്തിയവരില്‍ നാട്ടിക ഗവ. ഫിഷറീസിലെ വിദ്യാര്‍ഥികളായ അതുല്യയും അഞ്ജലിയും അഞ്ജനയും ആന്‍സി സോജനുമടങ്ങുന്ന കുട്ടികളുടെ നിരയായിരുന്നു. മേഖലയിലെ സ്വകാര്യ സ്കൂളുകള്‍ക്കൊന്നും എത്തി നോക്കാന്‍ കഴിയാത്തവിധം പ്രശസ്തിയിലേക്കുയര്‍ന്ന സ്കൂളിനെ തകര്‍ക്കാന്‍ വ്യക്തമായ ഗൂഢാലോചന തന്നെ നടക്കുന്നതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.