കോര്‍പറേഷന്‍ ബജറ്റ് അവതരണം: പ്രതിപക്ഷത്ത് ചേരിതിരിവ്

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ കോര്‍പറേഷനില്‍ ബജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപത്തെച്ചൊല്ലി പ്രതിപക്ഷ കോണ്‍ഗ്രസില്‍ ചേരിതിരിവ്. ബജറ്റ് അവതരിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എം.കെ. മുകുന്ദനും ഉപനേതാവ് ജോണ്‍ ഡാനിയേലും പരസ്യമായി രംഗത്തുവരുകയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത് ആലോചനയില്ലാതെ ചെയ്ത നടപടിയാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസിലെതന്നെ ഒരുവിഭാഗമാണ് രംഗത്തത്തെിയത്. ബജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. ഇതില്‍ ഭൂരിപക്ഷാംഗങ്ങളും പ്രതിപക്ഷത്തുനിന്നാണ്. ഫലത്തില്‍ ആക്ഷേപം തങ്ങള്‍ക്കുനേരെ ഭരണപക്ഷത്തിന് ഉപയോഗിക്കാനുള്ള ആയുധമായെന്ന് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കമ്മിറ്റിയിലെ ഏഴംഗങ്ങളില്‍ ഡെപ്യൂട്ടി മേയര്‍ക്ക് പുറമെ രണ്ടംഗങ്ങളേ ഭരണപക്ഷത്തുനിന്നുള്ളൂ. നാലുപേര്‍ പ്രതിപക്ഷത്തുള്ളവരാണ്. കോണ്‍ഗ്രസിലെ രാജന്‍ പല്ലന്‍, അഡ്വ. സുബി ബാബു, ജോസി ചാണ്ടി, ബി.ജെ.പിയിലെ എം.എസ്. സമ്പൂര്‍ണ എന്നിവരാണ് പ്രതിപക്ഷത്തുനിന്നുള്ളവര്‍. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ധനകാര്യ സമിതി അംഗീകരിച്ച ബജറ്റില്‍ പൊരുമാറ്റച്ചട്ട ലംഘനം ആരോപിച്ചത് ശരിയായില്ളെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലെ മുകുന്ദന്‍വിരുദ്ധ പക്ഷം ഉന്നയിക്കുന്നത്. ഇതിനെ സാധൂകരിച്ച് ഭരണപക്ഷവും രംഗത്തത്തെിക്കഴിഞ്ഞു. പ്രതിപക്ഷത്തിന്‍െറ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ബജറ്റ് തയാറാക്കിയത് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ധനകാര്യ സമിതിയാണെന്നും നിയമവിധേയമായി മാത്രമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. തിങ്കളാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷന് പരാതി അയച്ചത്. ഇതിനുള്ള വിശദീകരണത്തിലാണ് ഡെപ്യൂട്ടി മേയര്‍ പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞത്. മറ്റ് നഗരസഭകളില്‍നിന്നും വ്യത്യസ്ഥമായി വൈദ്യുതി വിഭാഗം ബജറ്റ് കൂടി കോര്‍പറേഷനിലുണ്ട്. മാര്‍ച്ച് 31ന് മുമ്പ് ബജറ്റ് പാസാക്കേണ്ടതായിരുന്നുവെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കോര്‍പറേഷന് സമ്പൂര്‍ണ ബജറ്റ് തയാറാക്കാനായില്ല. സംസ്ഥാനത്തെ മിക്കവാറും നഗരസഭകളും ഇത് മുന്‍കൂട്ടിക്കണ്ട് നേരത്തെ ബജറ്റ് പാസാക്കിയിരുന്നു. കോര്‍പറേഷനിലെ എല്‍.ഡി.എഫ് നേതൃത്വത്തിന്‍െറ കെടുകാര്യസ്ഥതയാണ് ബജറ്റ് വൈകിപ്പിച്ചതെന്നും ഇപ്പോഴത്തെ ബജറ്റ് അവതരണം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്‍െറ ലംഘനമാണെന്നുമായിരുന്നു യു.ഡി.എഫിന്‍െറ ആരോപണം. ബജറ്റ് അവതരണത്തിന് ഒരുവിധ നിയമ പ്രശ്നവുമില്ളെന്ന് ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. തുടര്‍ന്ന് വരുന്ന പദ്ധിതകള്‍ക്കും ശമ്പളം ഉള്‍പ്പടെ ദിനേന ചെലവുകള്‍ക്കു മാത്രമേ ബജറ്റില്‍ പണം അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഈമാസം 11ന് ഇറക്കിയ ഉത്തരവില്‍ പറയുന്നുള്ളൂവെന്നും കണ്ടംകുളത്തി പറഞ്ഞു. പുതിയ പദ്ധതികളും നിര്‍ദേശങ്ങളും ഒന്നുംതന്നെ ബജറ്റില്‍ ഉണ്ടാകില്ളെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.