നാടക പ്രവര്‍ത്തകന് മര്‍ദനം: പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗീത പരിപാടി

തൃശൂര്‍: ഊരാളി മ്യൂസിക് ബാന്‍ഡ് അംഗവും നാടക പ്രവര്‍ത്തകനുമായ മാര്‍ട്ടിന്‍ ചാലിശേരിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അയ്യന്തോള്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗീത പരിപാടി നടത്തി. കഴിഞ്ഞ ദിവസം മാര്‍ട്ടിനെ പരിശോധനക്കിടെ വെസ്റ്റ്പൊലീസ് മര്‍ദിച്ചതിലും അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കലക്ടറേറ്റ് പരിസരത്തെ പ്രതിഷേധത്തില്‍ സംവിധായകന്‍ പ്രിയനന്ദനന്‍, പ്രഫ. സാറാ ജോസഫ്, ഷീബ അമീര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന മാര്‍ട്ടിനെ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വെള്ളിയാഴ്ച അഞ്ചോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സാറാ ജോസഫും ഷീബ അമീറും അടക്കമുള്ളവര്‍ സി.ഐയുമായി വിഷയം സംസാരിച്ചു. മാര്‍ട്ടിനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് രാത്രി എട്ടോടെ പരിപാടി അവസാനിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് ലാലൂരില്‍നിന്ന് മര്‍ട്ടിന്‍ അരണാട്ടുകരയിലെ സുഹൃത്തിനെ കാണാനായി പോകുമ്പോഴായിരുന്നു മര്‍ദനം. ബൈക്കില്‍ ലിഫ്റ്റ് വാങ്ങി യാത്ര ചെയ്യുന്നതിനിടെ പൊലീസ് പരിശോധന കണ്ട് ബൈക്ക് ഓടിച്ച യുവാവ് മാര്‍ട്ടിനെ വഴിയില്‍ ഇറക്കിവിട്ട് മറ്റൊരു വഴിയിലൂടെ പോയി. ഇതുകണ്ട പൊലീസ് സംഘം മാര്‍ട്ടിനെ പിടികൂടി ചോദ്യം ചെയ്തു. കാര്യം പറഞ്ഞെങ്കിലും ബൈക്കില്‍ പോയ ആളുടെ വിവരം തിരക്കി തന്നെ പൊലീസ് മര്‍ദിച്ചതായി മാര്‍ട്ടിന്‍ പറഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച് അസഭ്യം പറഞ്ഞതായി പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞത്തെിയ സുഹൃത്തുക്കളും നാടക പ്രവര്‍ത്തകരും ചേര്‍ന്ന് ജാമ്യത്തിലിറക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.