പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കോടതികയറുന്നു

കോടശേരി: പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി കപ്പത്തോടില്‍ തടയണ കെട്ടിയതിനെതിരെ നാട്ടുകാരില്‍ ഒരുവിഭാഗം കോടതിയില്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ച ചാലക്കുടി മുനിസിഫ് കോടതി ജലസേചന അധികാരികള്‍ക്കും കലക്ടര്‍ക്കും അടിയന്തര നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. തടയണ കെട്ടിയത് അഭിഭാഷക കമീഷനെ കൊണ്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. വേനല്‍ക്കാലത്ത് കോടശേരി പഞ്ചായത്തില്‍ വെള്ളം എത്തിക്കാനാണ് നബാര്‍ഡിന്‍െറ സഹകരണത്താല്‍ മൂന്നുകോടി മുടക്കി പീലാര്‍മുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നത്. തടയണ നിര്‍മിച്ച് പൈപ്പുകളിലൂടെ പദ്ധതിയുടെ കുളത്തിലേക്ക് വെള്ളം എത്തിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനായി പരിയാരം കപ്പത്തോടിന് കുറുകേ തടയണ നിര്‍മിച്ചതാണ് എതിര്‍പ്പിന് ഇടയാക്കിയത്. ശാസ്ത്രീയമായ സര്‍വേ നടത്തിയിട്ടല്ല തടയണ നിര്‍മിച്ചതെന്നാണ് ഇവരുടെ ആരോപണം. മഴക്കാലത്ത് വെള്ളം കയറി കപ്പത്തോടിന്‍െറ ഇടതുഭാഗത്തുള്ള ഏക്കര്‍ കണക്കിന് കൃഷി നശിച്ചുപോകുമെന്നും ഇവര്‍ ഹരജിയില്‍ പറയുന്നു. 12 മീറ്ററിലധികം വീതിയുള്ള കപ്പത്തോടിന്‍െറ രണ്ടുവശവും 1.7 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റുകൊണ്ട് കെട്ടിപ്പൊക്കിയിരിക്കുകയാണ്. ഇതിന് നടുവില്‍ 2.6 മീറ്റര്‍ വീതിയുള്ള ഓവിലൂടെയാണ് വെള്ളം ഒഴുകിപ്പോകുന്നത്. തടയണയുടെ തൊട്ടുമുകളിലുള്ള ചെറിയ തോട് മൂടരുതെന്നും തടയണ പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഡേവീസ് പോട്ടക്കാരന്‍ മുഖാന്തരമാണ് ഒരുവിഭാഗം കോടതിയെ സമീപിച്ചത്. പദ്ധതി നടപ്പാകുന്നതോടെ കുടിവെള്ളം കിട്ടാതാവുമെന്നും നിരവധി കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തനരഹിതമാവുമെന്നും ആരോപിച്ച് തടയണയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ കഴിഞ്ഞ ദിവസം ഇറിഗേഷന്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.