കുന്നംകുളത്തെ ബസ് സമയ തര്‍ക്കം പരിഹരിച്ചു

കുന്നംകുളം: ഏറക്കാലം ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയ കുന്നംകുളത്തെ ബസ് സമയതര്‍ക്കത്തിന് പരിഹാരം. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തൃശൂര്‍ -ഗുരുവായൂര്‍ -കുന്നംകുളം റൂട്ടിലെ സമയതര്‍ക്കത്തിന് പരിഹാരമായത്. തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള ബസ് ഓപറേറ്റേഴ്സ് ഫോറം എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ തൃശൂരില്‍നിന്ന് കുന്നംകുളത്തേക്ക് 53 മിനിറ്റും ഗുരുവായൂരിലേക്ക് 61 മിനിറ്റുമായി സമയം പുന$ക്രമീകരിച്ചു. പുതിയ സമയപട്ടിക ഒമ്പതിന് ജില്ലാ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നല്‍കി അംഗീകാരം നേടും. ജീവനക്കാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ക്കും മത്സരയോട്ടത്തിനും പുതിയ സമയക്രമം പരിഹാരമാകുമെന്ന് നേതാക്കള്‍ വിലയിരുത്തി. തര്‍ക്കം രമ്യമായി പരിഹരിക്കാനും അപകടം കുറക്കാനും തീരുമാനം ഗുണകരമാകുമെന്ന് ബസ് ഉടമ സംഘടനാ നേതാക്കള്‍ പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ ആന്‍േറാ ഫ്രാന്‍സിസ്, മുജീബ് റഹ്മാന്‍, വി.എസ്. പ്രദീപ്കുമാര്‍, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവര്‍ പങ്കെടുത്തു. കുന്നംകുളം, ഗുരുവായൂര്‍ റൂട്ടില്‍ ബസുകള്‍ സമയം കുറച്ച് ഓടുന്നത് പ്രാദേശിക റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ബസുകളെയാണ് ഏറെ ദോഷകരമായി ബാധിച്ചിരുന്നത്. കേരള ബസ് ഓപറേറ്റേഴ്സ് ഫോറം ഭാരവാഹികള്‍ ഇതില്‍ അതൃപ്തിയും പ്രതിഷേധവും അറിയിച്ചിരുന്നു. സമയക്രമം മാറ്റിയതോടെ എട്ടിന് കലക്ടറേറ്റിന് മുന്നില്‍ നടത്താന്‍ നിശ്ചയിച്ച നിരാഹാര സമരവും പണിമുടക്കും പിന്‍വലിച്ചതായി കുന്നംകുളം യൂനിറ്റ് പ്രസിഡന്‍റ് കെ.എ. അബ്ദുല്‍ അസീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.