തൃശൂര്‍: നഗരത്തില്‍ എം.ജി റോഡിലെ കുരുക്കൊഴിവാക്കാന്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് ‘അവസാനിപ്പിച്ചു’. പരിഷ്കാരം ക്രമീകരിക്കാനും ഗതാഗത നിയന്ത്രണത്തിനുമായി നിന്ന പൊലീസിനെ കാഴ്ചക്കാരാക്കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡിവൈഡറുകള്‍ എടുത്തു മാറ്റി. മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട പരിഷ്കാരം ആരോടും ആലോചിക്കാതെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഏകപക്ഷീയമായി നടപ്പാക്കിയതിനെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. രാവിലെ എട്ട് മുതല്‍ 11 വരെയും വൈകീട്ട് നാല് മുതല്‍ രാത്രി എട്ട് വരെയുമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരത്തെ എതിര്‍ത്ത് ആദ്യദിനംതന്നെ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ രംഗത്ത് വന്നിരുന്നു. ശനിയാഴ്ചയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തിയത്. എം.ജി റോഡില്‍ പരിഷ്കാരത്തിന്‍െറ ഭാഗമായി റോഡില്‍ സ്ഥാപിച്ച ഡിവൈഡറുകളും മറ്റും കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയുടെ നേതൃത്വത്തിലത്തെിയ പ്രവര്‍ത്തകര്‍ മാറ്റി. പരിഷ്കാരം നടപ്പാക്കാന്‍ നിന്ന പൊലീസ് ഡി.വൈ.എഫ്.ഐക്കാര്‍ ഡിവൈഡറുകള്‍ നീക്കുന്നതും വാഹനങ്ങളെ കടത്തി വിടുന്നതും നോക്കി നിന്നു. ആഴ്ചയുടെ അവസാന പ്രവൃത്തി ദിവസം കൂടിയായതിനാല്‍ ശനിയാഴ്ച പൊലീസിന്‍െറ ഗതാഗത പരിഷ്കാരത്തില്‍ ജനങ്ങള്‍ ഏറെ വലഞ്ഞു. എം.ജി.റോഡിലും, പോസ്റ്റോഫിസ് റോഡിലും, എം.ഒ റോഡില്‍ നിന്ന് പട്ടാളം റോഡിലേക്കിറങ്ങുന്നിടത്തും, സ്വരാജ് റൗണ്ടിലും വാഹനക്കുരുക്ക് അഴിയാക്കുരുക്കായി. വാഹനയാത്രികര്‍ ഗതാഗത നിയന്ത്രണത്തിന് നിന്ന പൊലീസിന് നേരെ തിരിഞ്ഞു. പരിഷ്കാരത്തിനായി നിരത്തിയ ഡിവൈഡറുകള്‍ നീക്കി പൊലീസ്തന്നെ പലയിടത്തും വാഹനങ്ങള്‍ കടത്തിവിട്ടു. മേയറും ആര്‍.ടി.ഒ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേര്‍ന്ന ശേഷവുമാണ് പരിഷ്കാരം നടപ്പാക്കിയതെന്നും പ്രതിഷേധം ഉയര്‍ന്നതിനാല്‍ പരിഷ്കാരം തല്‍ക്കാലം നടപ്പാക്കില്ളെന്നും ട്രാഫിക് എസ്.ഐ മഹേന്ദ്രസിംഹന്‍ പറഞ്ഞു. വീണ്ടും ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. മുമ്പ് പരാജയപ്പെട്ടത് വീണ്ടും ഏര്‍പ്പെടുത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. റോഡിന് വീതി കൂട്ടാനുള്ള സാഹചര്യങ്ങളൊരുക്കാതെ ജനങ്ങളെ വലക്കുന്നതാണ് ഗതാഗതപരിഷ്കാരമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. ഗതാഗതകുരുക്കൊഴിവാക്കാനാണ് പരിഷ്കാരം നടപ്പാക്കിയതെന്നാണ് ട്രാഫിക് പൊലീസിന്‍െറ വിശദീകരണം. പടിഞ്ഞാറേകോട്ട മുതല്‍ നടുവിലാല്‍ സ്വരാജ് റൗണ്ടുവരെ മോഡല്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടന്നുവെങ്കിലും ജങ്ഷന്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എം.ജി.റോഡ് വികസനം പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.