ചാലക്കുടി: കൊടകരയിലും സമീപപ്രദേശങ്ങളിലും ദേശീയപാതയിലെ ഡിവൈഡര്‍ തകര്‍ത്ത് ഉണ്ടാക്കിയ അനധികൃത യു-ടേണുകള്‍ അപകടകാരികളാകുന്നു. കഴിഞ്ഞദിവസം കൊടകര പൊലീസ് സ്റ്റേഷന് മുന്നിലെ യു-ടേണ്‍ കടക്കാന്‍ ശ്രമിച്ച കാറില്‍ മറ്റൊരു കാറിടിച്ചതാണ് യു-ടേണുകളിലെ അപകടപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടാഴ്ചക്കുള്ളില്‍ ഇത്തരം യു-ടേണുകളില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ഒരാഴ്ച മുമ്പ് ഉളുമ്പത്തുകുന്നിലെ അനധികൃത യു-ടേണിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. അടുത്ത ദിവസം കൊളത്തൂരില്‍ എതിര്‍വശത്തേക്ക് തിരിയുന്നതിനിടെ ഓട്ടോറിക്ഷയില്‍ കാറിടിച്ച് കുഞ്ഞടക്കം ഓട്ടോയിലുണ്ടായ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കൊടകര മേഖലയില്‍ പലയിടത്തും ഇരുദിശയിലേക്കുമുള്ള പ്രധാനപാതകള്‍ക്ക് നടുവില്‍ പലയിടത്തും അനധികൃതമായി വാഹനങ്ങള്‍ക്ക് കടക്കാന്‍ വഴിയുണ്ടാക്കിയിട്ടുണ്ട്. കൊളത്തൂര്‍, ഉളുമ്പത്തുകുന്ന്, കൊടകര പൊലീസ് സ്റ്റേഷന്‍, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അനധികൃതമായ തിരിവുകളുണ്ട്. പ്രധാന പാതകള്‍ക്ക് നടുവിലെ ഡിവൈഡറുകള്‍ തകര്‍ത്താണ് വാഹനങ്ങള്‍ക്ക് കടക്കാന്‍ സ്ഥലമുണ്ടാക്കിയിട്ടുള്ളത്. എന്നാല്‍, ഇതിനെതിരെ നടപടിയെടുക്കാനോ, ഇത്തരം തിരിവുകളില്‍ അപകട മുന്നറിയിപ്പ് സ്ഥാപിക്കാനോ ദേശീയപാത അതോറിറ്റി തയാറായിട്ടില്ല. ശനിയാഴ്ച അപകടമുണ്ടായ പൊലീസ് സ്റ്റേഷന് മുന്നിലെ തിരിവിലും അപകടങ്ങള്‍ പതിവാണ്. ഇവിടെയും വാഹനാപകടത്തില്‍ യാത്രക്കാര്‍ മരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളും സര്‍വിസ് റോഡില്‍നിന്നുള്ള വാഹനങ്ങളും ഇത്തരം അനധികൃത തിരിവുകളിലേക്ക് പെട്ടെന്ന് പ്രവേശിക്കുമ്പോള്‍ പ്രധാനപാതയിലൂടെ പോകുന്ന മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പില്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അപകടങ്ങള്‍ നിത്യസംഭവങ്ങളായ ഇത്തരം തിരിവുകളില്‍ അടിയന്തരമായി സിഗ്നല്‍ സ്ഥാപിക്കുകയോ അവ അടച്ചുപൂട്ടുകയോ വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.