കരാര്‍ റിലയന്‍സിന് നല്‍കിയതില്‍ ക്രമക്കേടെന്ന് : വൈ-ഫൈയില്‍ കുടുങ്ങി ഭരണപക്ഷം

തൃശൂര്‍: കോര്‍പറേഷനിലെ ഇടത് ഭരണസമിതി വന്‍ നേട്ടമായി അവതരിപ്പിച്ച വൈ-ഫൈ സംവിധാനത്തിനെതിരെ ഘടകകക്ഷിയംഗം കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉന്നയിച്ചത് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കി. ജനതാദള്‍ അംഗം ഷീബ ബാബുവാണ് വിമര്‍ശവുമായി രംഗത്തത്തെിയത്. ഭൂരിപക്ഷാഭിപ്രായം മറികടന്ന് റിലയന്‍സിനെ ചുമതലപ്പെടുത്തിയത് ഇടതുപക്ഷ പ്രകടന പത്രികയുടെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ച ഷീബ ഇവിടെ ഭരണമുണ്ടോയെന്ന് ചോദിച്ചു. കഴിഞ്ഞ ദിവസം വൈ-ഫൈ പ്രഖ്യാപന യോഗത്തില്‍ ബി.എസ്.എന്‍.എല്‍ പ്രതിനിധി സംസാരിക്കുമെന്ന് നോട്ടീസില്‍ അച്ചടിച്ചത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആരോപിച്ച ഷീബ ഈ വിഷയത്തില്‍ പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തി. ഭൂരിഭാഗവും വിയോജിച്ച വൈ-ഫൈ വിഷയം ഏകപക്ഷീയമായി നടപ്പാക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചത് പ്രതിപക്ഷത്തിന്‍െറ കഴിവുകേടാണ് എന്നായിരുന്നു അവരുടെ കുറ്റപ്പെടുത്തല്‍. വൈ-ഫൈ കരാര്‍ റിലയന്‍സിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് മുന്‍മേയര്‍ രാജന്‍ ജെ. പല്ലനും ജോണ്‍ ഡാനിയേലും ആരോപിച്ചു. റിലയന്‍സിന് അനുമതി നല്‍കിയത് നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ മറികടന്നാണെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം.ആര്‍. റോസ്ലിയും വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ റിലയന്‍സിന് കരാര്‍ നല്‍കാന്‍ രഹസ്യമായി കരുനീക്കിയെന്നും 10 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയത് ദുരൂഹമാണെന്നും ക്രമക്കേടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. അജണ്ട പരിഗണിക്കുന്നതിനു മുമ്പ് പൊതു ചര്‍ച്ച ആവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ബഹളം വെക്കുകയും മേയറെ വളഞ്ഞുവെക്കുകയും ചെയ്തു. ഇതോടെ കൗണ്‍സില്‍ യോഗം മുക്കാല്‍ മണിക്കൂറോളം തടസ്സപ്പെട്ടു. പ്രതിപക്ഷം യോഗത്തിന്‍െറ തുടക്കത്തില്‍തന്നെ പൊതുചര്‍ച്ച അനുവദിക്കണമെന്ന ആവശ്യവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദന്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കാനാവില്ളെന്ന് മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും വ്യക്തമാക്കുകയും അജണ്ട വായിച്ച് പാസാക്കാന്‍ തുടങ്ങുകയും ചെയ്തു. ക്ഷുഭിതരായ പ്രതിപക്ഷാംഗങ്ങള്‍ ബഹളവും മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലേക്കിറങ്ങി. മേയറുടെ ഇരിപ്പിടത്തിനു ചുറ്റും കൂടിനിന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ബി.ജെ.പി പ്രതിനിധികളും ചേര്‍ന്നു. ഇതിനിടെ അജണ്ട വായിച്ചതോടെ കോണ്‍ഗ്രസിലെ ലാലി ജെയിംസ് ക്ളര്‍ക്കിന്‍െറ കൈയില്‍നിന്ന് അത് പിടിച്ചു വാങ്ങി. പൊതുചര്‍ച്ച പിന്നീടാകാമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞതോടെ ബി.ജെ.പി അംഗങ്ങള്‍ സീറ്റിലിരുന്നു. കുറച്ചു നേരം കൂടി മുദ്രാവാക്യം വിളിച്ച് യു.ഡി.എഫ് അംഗങ്ങളും പ്രതിഷേധം അവസാനിപ്പിച്ചു. ചേലൂര്‍ ടവേഴ്സ് അപ്പാര്‍ട്ട്മെന്‍റിലെ 128 യൂനിറ്റുകള്‍ക്ക് പ്രത്യേകമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന അജണ്ട ബഹളത്തിന് ഇടയാക്കി. അപ്പാര്‍ട്ടുമെന്‍റിന് അര ഇഞ്ച് പൈപ്പിലൂടെ വെള്ളം നല്‍കാനാണ് നിയമം. ഫ്ളാറ്റുകള്‍ക്ക് അനുവദനീയമായതിലും അധികം പൈപ്പ് കണക്ഷനുകള്‍ നല്‍കാനുള്ള നീക്കം പ്രദേശത്തെ മറ്റുള്ളവരുടെ കുടിവെള്ളം മുട്ടിക്കുമെന്ന് ലാലി ജയിംസ്, എം.എസ്. സമ്പൂര്‍ണ, ബൈജു എന്നിവര്‍ ചൂണ്ടിക്കാട്ടി. അതേസമയം കുടിവെള്ളം എല്ലാവര്‍ക്കും നല്‍കണമെന്ന് സി.പി.എമ്മിലെ പി. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. വിഷയം നിയമോപദേശം തേടിയ ശേഷം തീരുമാനിക്കാന്‍ മാറ്റിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.