പകല്‍ ക്ളാസ് മുറിയില്‍ പഠനം; വൈകീട്ട് വരാന്തയില്‍ വെച്ചുണ്ട് ഉറക്കം

തൃശൂര്‍: പകല്‍ ക്ളാസ് മുറിയില്‍. വൈകീട്ട് ഭക്ഷണം പാകം ചെയ്ത് കോളജ് വരാന്തയില്‍തന്നെ ഉറക്കം. ഹോസ്റ്റല്‍, കാന്‍റീന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അയ്യന്തോളിലെ ഗവ. ലോ കോളജില്‍ കിടപ്പ് സമരം നടത്തിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. ആവശ്യത്തില്‍ തീരുമാനം ആകുംവരെ സമരം തുടരുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് സമരം തുടങ്ങിയത്. ആദ്യ ദിനം പിന്നിട്ടിട്ടും ചര്‍ച്ചക്ക് കോളജ് അധികൃതര്‍ തയാറാകാത്തതോടെ പ്രതിഷേധം കനത്തു. സമരം ശക്തമാക്കി. പഠനം മുടക്കിയും തെരുവിലിറങ്ങിയുമുള്ള പതിവ് സമരരീതിയില്‍ നിന്ന് പുതിയ സമരമുറ പരീക്ഷിക്കുന്നത് എസ്.എഫ്.ഐ യൂനിറ്റാണ്. കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഗവ. ലോ കോളജില്‍ ഹോസ്റ്റലും കാന്‍റീനും ഇല്ല. സംസ്ഥാനത്തെ നാല് കോളജുകളില്‍ തൃശൂരില്‍ മാത്രമാണ് ഇതില്ലാത്തത്.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പല തവണ ആവശ്യമുന്നയിച്ച് അധികൃതരെ സമീപിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആറായിരത്തോളം രൂപ അതിന് ചെലവാക്കണം. ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ലഭിക്കാന്‍ പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങള്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ളെന്ന മട്ടിലാണ് കോളജ് അധികൃതര്‍ പ്രതികരിക്കുന്നതത്രേ. പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളെയും സമീപിച്ചു. കോളജ് അധികൃതരില്‍നിന്ന് ഇതുവരെ അത്തരമൊരു ആവശ്യം വന്നിട്ടില്ളെന്നും ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും മറുപടി കിട്ടിയതായി വിദ്യാര്‍ഥികള്‍ പറയുന്നു. കാന്‍റീന്‍ ഇല്ലാത്തത് ഭക്ഷണകാര്യം പ്രശ്നത്തിലാക്കുന്നുണ്ട്. വലിയ പണച്ചെലവ് മാത്രമല്ല, നല്ല ഭക്ഷണവും പ്രശ്നമാണ്. വൈകീട്ട് മുതല്‍ രാവിലെ വരെയാണ് സമരം. വൈകീട്ട് കോളജ് ഓഡിറ്റോറിയത്തിന് മുന്നിലാണ് പാചകം. അനുകൂല തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ആവശ്യമുന്നയിച്ച് ജില്ലക്കാരന്‍ തന്നെയായ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. പെണ്‍കുട്ടികളടക്കം 30ഓളം വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് റിജോ ഡോമി, കോളജ് യൂനിയന്‍ ചെയര്‍മാന്‍ മിലിന്ദ്, സെക്രട്ടറി അജിത് കാര്‍ത്തികേയന്‍, ടി.എ. അനീസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.