ചാവക്കാട്ടെ കര കടലെടുക്കുന്നു

ചാവക്കാട്: കടല്‍ക്ഷോഭം ശക്തമായതോടെ നിരവധി വീടുകള്‍ തകര്‍ച്ചഭീഷണിയില്‍. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ്, ആനന്ദവാടി, അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ്, അഴിമുഖം മേഖലകളിലാണ് കടല്‍ഭിത്തി മറികടന്ന് ശക്തമായി തിര അടിച്ചുകയറുന്നത്. രണ്ടാഴ്ചയായി പ്രദേശത്ത് കടല്‍ക്ഷോഭം തുടങ്ങിയിട്ട്. കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം. മുനക്കക്കടവ് അഴിമുഖത്ത് നിരവധി തെങ്ങുകള്‍ നിലംപതിച്ചു. സ്ഥലവാസികള്‍ കല്ലുകള്‍ നിരത്തി തിരമാലകളെ ചെറുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. മുനക്കക്കടവ് പുഴയോരത്ത് മണലൊഴുകി തെങ്ങുകള്‍ വീണു. ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പുഴവെള്ളം അടിച്ചുകയറി തകര്‍ച്ചയുടെ വക്കിലാണ്. മുനക്കക്കടവ് അഴിമുഖത്ത് വേലിയേറ്റത്തില്‍ വെള്ളം അടിച്ചുകയറി രണ്ടാഴ്ചക്കുള്ളില്‍ 15ഓളം തെങ്ങുകളാണ് കടപുഴകിയത്. നിരവധി തെങ്ങുകള്‍ വീഴുമെന്ന അവസ്ഥയിലാണ്. തീരദേശ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് പിന്‍ഭാഗത്തെ മണല്‍ ഒഴുകിപ്പോയി. പുഴവെള്ളം കയറി കെട്ടിടത്തിന്‍െറ തറക്കല്ലിനൊപ്പം സെപ്റ്റിക് ടാങ്ക് തകര്‍ന്നു. കടല്‍ഭിത്തി തകര്‍ന്നതിനാല്‍ തിരയടിച്ചു കയറി അഹമ്മദ് കുരിക്കള്‍ റോഡ് വരെ ഒഴുകിയത്തെിയിരിക്കുകയാണ്. വാര്‍ത്തയറിഞ്ഞ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കടപ്പുറത്ത് എത്തിയിരുന്നു. പ്രകൃതിക്ഷോഭത്തിന്‍െറ വിശദവിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി വൈകുകയാണ്. മേഖലയില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് അടിയന്തര നടപടിക്ക് ശ്രമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.