നോമ്പുകാലത്തെ പഴവിപണി അത്ര പോര

തൃശൂര്‍: കാലവര്‍ഷത്തിലെ റമദാന്‍ വിശ്വാസികള്‍ക്ക് ആശ്വാസമായപ്പോള്‍ പഴം വിപണിക്ക് തിരിച്ചടിയായി. തണുപ്പ് കൂടിയതിനാല്‍ നോമ്പുകാര്‍ പഴങ്ങള്‍ കഴിക്കുന്നത് കുറച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തിലൊന്ന് കച്ചവടമില്ളെന്നാണ് വ്യാപാരികളുടെ പരിഭവം. കഴിഞ്ഞ വര്‍ഷം പ്രതിദിനം മൊത്തവിപണിയില്‍ 15 കിലോയുടെ 500 പെട്ടികള്‍ വിറ്റുപോയിരുന്നിടത്ത് 70 പെട്ടികളാണ് വില്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പഴം വിപണി സമൃദ്ധമാണ്. വിദേശ ഫലവര്‍ഗങ്ങളും അനവധി. റമ്പൂട്ടാനാണ് റമദാനിലെ താരം. ഏറെ സുലഭമായ ഇതിന് കിലോക്ക് മൊത്തവിപണിയില്‍ 200 രൂപയാണ് വില. ചില്ലറ വിപണിയില്‍ 250 രൂപ. ഈജിപ്തില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും എത്തുന്ന സിട്രസ് വാങ്ങാന്‍ വരുന്നവരാണ് അധികവും. മൊത്തവിപണിയില്‍ 60 മുതല്‍ 65 രൂപ വരെ വിലമതിക്കുന്ന ഇതിന് 90 രൂപയാണ് ചില്ലറവില. ആപ്പിളില്‍ ഗ്രീന്‍ ആപ്പിളാണ് സൂപ്പര്‍. ഇറ്റലി, അമേരിക്ക എന്നിവക്ക് പുറമെ ഇപ്പോള്‍ ബ്രസീലില്‍നിന്ന് പച്ച ആപ്പിള്‍ വരുന്നുണ്ട്. ഈ ആപ്പിളിന് മൊത്തവിപണിയില്‍ 100 രൂപയാണ്. 140 രൂപയാണ് ചില്ലറവില. അമേരിക്കന്‍ ഗ്രീന്‍ ആപ്പിളിന് 160 രൂപയാണ് വില. ഇറ്റലി ഇനത്തിന് 145ഉം. 180 രൂപയാണ് ചില്ലറവില. ന്യൂസിലന്‍ഡിന്‍െറ ഗാല, അമേരിക്കയുടെ വാഷിങ്ടണ്‍ (140-200), ഫ്യൂജി (115-160) എന്നിവക്കുപുറമെ പുതുതായി ബെല്‍ജിയം ആപ്പിളുമുണ്ട്. 110 രൂപയാണ് മൊത്തവില. 160 രൂപ ചില്ലറവില. ഏറെ നാളുകള്‍ക്കുശേഷമാണ് മാമ്പഴക്കാലത്ത് റമദാന്‍ എത്തുന്നത്. മല്‍ഗോവ (60-100), മല്ലിക(60-100), നീലന്‍(30-45), ബങ്കണപ്പിള്ളി (50-80), റുമാനിയ(37-60), ആപ്പൂസ്, സിന്ദൂരം, കിളിച്ചുണ്ടന്‍ തുടങ്ങിയ ഇനം മാമ്പഴങ്ങളുണ്ട്. കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള വലുപ്പം കൂടിയ മുന്തിരിയാണ് മറ്റൊരു ഇനം. പച്ചമുന്തിരിക്ക് 50 രൂപയാണ് വില. വലുപ്പം കൂടിയ ഗ്ളോബ് മുന്തിരി കിലോക്ക് 130 രൂപയാണ്. ജ്യൂസിനായി ഷമാം, തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവയുണ്ട്. കിവി, പേരക്ക, പപ്പായ, ചിക്കു അടക്കം പഴങ്ങള്‍ ഏറെ. വന്‍വിലയില്ളെങ്കിലും സാധാരണക്കാര്‍ പോലും അടുക്കുന്നില്ളെന്ന് ട്രിച്ചൂര്‍ ഹോള്‍സെയില്‍ ഫ്രൂട്ട്സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എം അബ്ദുല്‍ ഗഫൂര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.