തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസയില്‍ വാഹനങ്ങള്‍ തടഞ്ഞ് വീണ്ടും ‘കൊള്ള’. മുന്‍കൂര്‍ പണം നല്‍കി പാസ് എടുത്തവരില്‍നിന്ന് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും പണം വാങ്ങിയാണ് തട്ടിപ്പ്. തിരിച്ചറിയല്‍ രേഖ ഹാജരാക്കി പാസ് പുതുക്കണമെന്നും ഇപ്പോള്‍ ടോള്‍ നല്‍കിയാല്‍ മാത്രമേ കടത്തിവിടൂ എന്നുമാണ് ടോള്‍ പ്ളാസ ജീവനക്കാരുടെ താക്കീത്. വീണ്ടും പണംനല്‍കാന്‍ കൂട്ടാക്കാത്തവരെ ടോള്‍ പ്ളാസ ജീവനക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം ഇതാണെന്നും പണം നല്‍കാതെ കടത്തിവിടില്ളെന്നും കടുത്ത നിലപാടെടുത്തതോടെ മുമ്പ് പാസെടുത്തവരില്‍ വലിയൊരു വിഭാഗത്തിന് വീണ്ടും പണം നല്‍കേണ്ടിവന്നു. ഇക്കാര്യം ചോദ്യംചെയ്ത് ഒരു വാഹന ഉടമ എത്തിയതോടെയാണ് ടോള്‍ പ്ളാസ അധികൃതരുടെ മറ്റൊരു പകല്‍ക്കൊള്ള പുറത്തായത്. പാസ് പുതുക്കണമെന്ന് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ അറിയിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിന് ഇല്ളെന്നായിരുന്നു മറുപടി. അതേസമയം, ഇങ്ങനെ പിരിക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് അവര്‍ വാദിച്ചു. വാഹന ഉടമകള്‍ പ്രതിഷേധിക്കുകയും ഇത് ബഹളത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ തടഞ്ഞിട്ട വാഹനങ്ങള്‍ ടോള്‍ ഈടാക്കാതെ വിട്ടു. മുമ്പ് ടോള്‍ പ്ളാസക്കടുത്ത് അപകടത്തില്‍പെട്ട വാഹനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വാഹനം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തതായി കണ്ടത്തെിയിരുന്നു. തുടര്‍ന്ന് പാസ് എടുത്ത വാഹനങ്ങളുടെ രേഖകളില്‍ വ്യക്തത വരുത്തണമെന്ന് പൊലീസിന്‍െറ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം മുന്‍കൂര്‍ അറിയിക്കുന്നതിനുപകരം പാസ് പുതുക്കണമെന്നും അതുവരെ പണം നല്‍കണമെന്നും ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അഞ്ച് വാഹനങ്ങളിലധികം ക്യൂവില്‍ നിന്നാല്‍ ട്രാക്കിലെ തടസ്സം (ക്രോസ് ബാര്‍)നീക്കണമെന്ന കരാര്‍ വ്യവസ്ഥ പാലിക്കുന്നില്ല. അത്യാഹിത ട്രാക്ക് ഉള്‍പ്പെടെ ആറ് വരികളുള്ളതില്‍ നിരവധി വാഹനങ്ങള്‍ വരിയില്‍ കിടന്നാലും ഇതുതന്നെയാണ് അവസ്ഥ. ടോള്‍ പിരിവിനെതിരെ പ്ളാസയിലേക്ക് സമരപരമ്പര അരങ്ങേറിയ കാലത്ത് കമ്പനിക്ക് സംരക്ഷണമൊരുക്കാന്‍ പൊലീസിനെ നിയോഗിച്ചിരുന്നു. അപ്പോള്‍, യാത്രക്കാര്‍ക്ക് പരാതി പറയാന്‍ ഒരിടം എന്നനിലക്ക് പൊലീസ് സേവനം ഉപകരിച്ചിരുന്നു. ഇപ്പോള്‍ അതും ഇല്ല. മുമ്പ് സമാന്തര റോഡിലൂടെ കാറില്‍ കുടുംബസമേതം വന്ന യുവാവിനെ വഴിയില്‍ തടഞ്ഞ് ടോള്‍ കൊടുത്തു പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചിരുന്നു. സംഭവത്തില്‍ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയയാളെ രണ്ട് ദിവസത്തിനകം തിരിച്ച് തൃശൂരില്‍ നിയമിച്ചു. കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ കമ്പനി വീഴ്ചവരുത്തുകയും ടോള്‍ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നത് ജില്ലാ വികസന സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നു. ടോള്‍ പിരിവ് നിര്‍ത്തണമെന്ന ശിപാര്‍ശ സര്‍ക്കാറിന് നല്‍കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.