പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന്; അധ്യാപിക ആശുപത്രിയില്‍

കൊടുങ്ങല്ലൂര്‍: സ്ഥലം മാറിപ്പോയ അധ്യാപികയെ രേഖകള്‍ നല്‍കാതെ പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. സ്കൂളില്‍ മോഹാലസ്യപ്പെട്ട് വീണ കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപിക നിസമോളെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സ്കൂളിലെ പ്രധാനാധ്യാപിക സില്‍വി തോമസിനെതിരെയാണ് പരാതി. കരൂപ്പടന്ന സ്കൂളില്‍ അധ്യാപികയായിരിക്കെ മൂന്നുമാസം മുമ്പ് സ്ഥലം മാറിയ നിസാമോള്‍ ഇപ്പോള്‍ പുല്ലൂറ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ കരൂപ്പടന്ന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക സില്‍വി തോമസ് എല്‍.പി.സി (ലിസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാല്‍ കഴിഞ്ഞ മൂന്നുമാസമായി ശമ്പളം ലഭിച്ചില്ളെന്നാണ് അധ്യാപിക നിസമോളുടെ പരാതി. ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രധാനാധ്യാപിക എല്‍.പി.സി തടയുകയാണത്രേ. ഒടുവില്‍ അധ്യാപിക ലൈബ്രറി ചാര്‍ജ് വഹിച്ച 2011 മുതലുള്ള പുസ്തകങ്ങളുടെ ബാധ്യത ഏറ്റെടുത്തതായി മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കണമെന്നാണ് പ്രധാനാധ്യാപിക ആവശ്യപ്പെടുന്നതെന്ന് കെ.എസ്.ടി.എ കൊടുങ്ങല്ലൂര്‍ ഏരിയാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. 2011 ല്‍ പുസ്തകങ്ങളുടെ കണക്ക് എടുത്തല്ല അധ്യാപിക ചുമതല ഏറ്റെടുത്തത്. ഇതിനാല്‍ ലൈബ്രറി തുടങ്ങിയത് മുതലുള്ള പുസ്തകങ്ങളുടെ ഉത്തരവാദിത്തം ടീച്ചര്‍ക്കാകുമെന്ന സ്ഥിതിവരും. ഇതുസംബന്ധിച്ച സംസാരത്തിനും പരിഭ്രാന്തിക്കിടെയാണ് അധ്യാപിക മോഹാലസ്യപ്പെട്ടതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രധാനാധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം ആസൂത്രിതമാണെന്ന് പ്രധാനാധ്യാപിക ആരോപിച്ചു. താന്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ല. കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്. ആ അധ്യാപികയുടെ പ്രവൃത്തിമൂലം തനിക്കും മാനസിക പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങളുടെ കണക്കെടുക്കാന്‍ അഞ്ച് അധ്യാപികമാരെ നിയോഗിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും അതിനു മുമ്പ് എല്‍.പി.സി ആവശ്യമെങ്കില്‍ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കാന്‍ പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.