തൃശൂര്‍: നഗരത്തിലെ റോഡുകളില്‍ നടപ്പാക്കിയ വണ്‍വേ സംവിധാനം താളംതെറ്റി. വണ്‍വേ റോഡുകളില്‍ ഇരുദിശയിലേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്നതുമൂലം വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവായി. പ്രധാന റോഡുകളിലേക്കത്തെുന്ന പത്തോളം ചെറുറോഡുകള്‍ പൊലീസ് വണ്‍വേ സംവിധാനത്തിലാക്കിയിട്ടുണ്ട്. മഴ പെയ്തതോടെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കുമൂലം ചെറുവാഹനങ്ങള്‍ പോക്കറ്റ് റോഡുകളെയാണ് ആശ്രയിക്കുന്നത്. വണ്‍വേ റോഡിലൂടെ ഇരുദിശയിലേക്കും വാഹനങ്ങള്‍ എത്തുന്നത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുകയാണ്. അനധികൃത പാര്‍ക്കിങ്ങും ട്രാഫിക് പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ റോഡ്, ചെട്ടിയങ്ങാടി റോഡ്, ദിവാന്‍ജിമൂല, ശങ്കരയ്യര്‍ റോഡ്, കെ.എസ്.ആര്‍.ടി.സി, പോസ്റ്റ് ഓഫിസ് റോഡ് എന്നീ റോഡുകളിലെ തിരക്ക് കുറക്കാനാണ് ഇതോടനുബന്ധിച്ച ഇടവഴികള്‍ വണ്‍വേയാക്കിയത്. പോസ്റ്റ് ഓഫിസില്‍ റോഡില്‍നിന്ന് സ്വരാജ് റൗണ്ടിലേക്ക് രാഗം തിയറ്റര്‍ വഴി എത്തുന്ന ചെമ്പോട്ടില്‍ ലെയിന്‍ കാലങ്ങളായി വണ്‍വേയാണ്. എന്നാല്‍, മിക്കപ്പോഴും ഈ വഴിയിലൂടെ ഇരുദിശയിലേക്കും വാഹനങ്ങള്‍ പോകുന്നുണ്ട്. പത്ത് മിനിറ്റിലധികം ഗതാഗതക്കുരുക്ക് പതിവാണ്. ഇവിടെ അനധികൃത പാര്‍ക്കിങ്ങും വര്‍ധിച്ചു. സ്വരാജ് റൗണ്ട് രാത്രിയും പകലും വണ്‍വേയാണ്. പകല്‍ ലൈന്‍ ട്രാഫിക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ ദിശതെറ്റിച്ച് സഞ്ചരിക്കുന്നത് പതിവാണ്. ലൈന്‍ ട്രാഫിക്കും പാലിക്കപ്പെടാറില്ല. കെ.എസ്.ആര്‍.ടിസിക്ക് ചുറ്റമുള്ള റോഡുകള്‍ വണ്‍വേയാക്കിയതോടെ ഗതാഗതക്കുരുക്ക് കുറഞ്ഞെങ്കിലും അനധികൃത പാര്‍ക്കിങ്മൂലം ഗതാഗതം തടസ്സപ്പെടുന്നുണ്ട്. വണ്‍വേ ഏര്‍പ്പെടുത്തിയ റോഡുകളില്‍ ശ്രദ്ധിയില്‍പെടുംവിധം സൂചനാ ബോര്‍ഡുകളില്ലാത്തത് യാത്രികരെയും കുഴക്കുന്നുണ്ട്. ഇതുമൂലം റോഡുകളിലേക്ക് വാഹനമിറക്കി കുടുങ്ങുന്നവരും കുറവല്ല. ഗതാഗതം തിരിച്ചുവിടാന്‍ പൊലീസ് കാര്യമായി ഇടപെടാത്തത് പ്രശ്നം സങ്കീര്‍ണമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.