സര്‍ക്കാര്‍ പിടിച്ചുവെച്ച രണ്ടുകോടി കിട്ടാന്‍ കോര്‍പറേഷന്‍ കോടതിയിലേക്ക്

തൃശൂര്‍: സര്‍ക്കാര്‍ പിടിച്ചുവെച്ച രണ്ടുകോടി തിരിച്ചു കിട്ടാന്‍ തൃശൂര്‍ കോര്‍പറേഷന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. എന്‍ജിനീയര്‍മാരുടെ ശമ്പള ഇനത്തില്‍ കോര്‍പറേഷനില്‍ നിന്ന് അധികം ഈടാക്കിയ 193.11 ലക്ഷം തിരിച്ചു കിട്ടണമെന്ന ആവശ്യം നിരാകരിച്ചതിലും തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം കവരുന്നതിലും പ്രതിഷേധിച്ചാണ് കോര്‍പറേഷന്‍ തീരുമാനം. ഹൈകോടതിയെ സമീപിക്കാനുള്ള കോര്‍പറേഷന്‍െറ അപേക്ഷ സര്‍ക്കാര്‍ തദ്ദേശ ഭരണ വിഭാഗം ഓംബുഡ്സ്മാന്‍െറ പരിഗണനക്കയച്ചു. സര്‍ക്കാറിനെതിരെ കേസ് കൊടുക്കാനുള്ള കോര്‍പറേഷന്‍െറ തീരുമാനം കേരള മുനിസിപ്പല്‍ ആക്ട് 57(2) അനുസരിച്ച് റദ്ദാക്കാനുള്ള സര്‍ക്കാറിന്‍െറ നിയമാനുസൃത നടപടിയുടെ കൂടി ഭാഗമായാണ് പ്രശ്നം പരിഗണിക്കാന്‍ ഓംബുഡ്സ്മാനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇത്തരമൊരു നടപടി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് അസാധാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മറ്റ് പല നഗരസഭകള്‍ക്കും സമാന പരാതിയുണ്ടെങ്കിലും ഭരണഘടനാ വിരുദ്ധ അവകാശ പ്രശ്നമെന്ന നിലയില്‍ പ്രശ്നം കോടതിയിലത്തെിക്കാന്‍ തീരുമാനമെടുത്തത് തൃശൂര്‍ കോര്‍പറേഷന്‍ മാത്രമാണ്. ഹൈകോടതിയില്‍ കോര്‍പറേഷന്‍െറ അഭിഭാഷകരായ സതേണ്‍ ലോ ചേംബേഴ്സിനെ തന്നെ ഓംബുഡ്സ്മാനിലും വക്കാലത്ത് ഏല്‍പിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ശമ്പളം നല്‍കുന്നത്. പിന്നീട് ആ തുക കോര്‍പറേഷനുള്ള ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍നിന്ന് തിരിച്ചുപിടിക്കും. ഇങ്ങനെ തൃശൂര്‍ കോര്‍പറേഷന്‍െറ ഗ്രാന്‍റില്‍നിന്നും സര്‍ക്കാര്‍ അധികം പിടിച്ച 193.11 ലക്ഷം രൂപയാണ് തിരിച്ചു ചോദിക്കുന്നത്. ഇത് ഗവ. സെക്രട്ടറി നിരാകരിച്ച സാഹചര്യത്തിലാണ് നിയമ നടപടി തീരുമാനിച്ചത്. തദ്ദേശ ഭരണസ്ഥാപനത്തിന്‍െറ അധികാരത്തിലും അവകാശത്തിലുമുള്ള കൈകടത്തലും ഭരണഘടനാ ലംഘനവുമാണ് സര്‍ക്കാറിന്‍െറ നടപടിയെന്ന നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഉത്തരവ് ധിക്കരിക്കുന്ന കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍പോലും സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.