കോര്‍പറേഷന്‍ പരിധിയിലെ നെല്‍കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസില്ല

തൃശൂര്‍: മൂന്നുവര്‍ഷങ്ങളായി കോര്‍പറേഷന്‍ പരിധിയിലെ കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസ് ലഭിക്കുന്നില്ളെന്ന് പരാതി. ഏക്കറിന് 400 രൂപയാണ് ഉല്‍പാദന ബോണസ്. 2013-14, 14-15,15-16 വര്‍ഷങ്ങളില്‍ പുല്ലഴി,ചേറ്റുപുഴ ഈസ്റ്റ്,ചേറ്റുപുഴ വെസ്റ്റ്, മാരാര്‍, എല്‍തുരുത്ത്, അയ്യന്തോള്‍ കിനി, അടാട്ടിന്‍െറ ഒരു ഭാഗം തുടങ്ങിയ കോള്‍പടവുകളിലെ കര്‍ഷകര്‍ക്കാണ് ബോണസ് ലഭിക്കാത്തത്. കൃഷി വകുപ്പില്‍ നിന്നും കോര്‍പറേഷനിലേക്ക് ഫണ്ട് അനുവദിക്കാത്തതാണ് കാരണം. തൃശൂര്‍ കോര്‍പറേഷന്‍ ഒഴികെ കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി മുഴുവന്‍ കൃഷിഭവനുകളിലൂടെ ഇതുവരെയുള്ള ഉല്‍പാദനബോണസ് കര്‍ഷകര്‍ക്ക് നല്‍കി കഴിഞ്ഞു. കൃഷി പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ബോണസ് നല്‍കുന്നത്. അയ്യന്തോള്‍ കൃഷിഭവനിലൂടെയാണ് ബോണസ് നല്‍കേണ്ടത്. കോര്‍പറേഷന്‍ പണം നല്‍കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കൈ മലര്‍ത്തുകയാണ്. കേരളത്തിലെ കോര്‍പറേഷനുകളില്‍ തൃശൂര്‍ കോര്‍പറേഷനില്‍ മാത്രമാണ് കോള്‍കൃഷിയുള്ളത്. ഉല്‍പാദനചെലവ് അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം ആയിരുന്നു ഈ ബോണസ്. പൂര്‍വികമായി ലഭിച്ച ഭൂമി തരിശിടാന്‍ കഴിയാത്തതിനാലാണ് കൃഷി ചെയ്യുന്നത്. തൃശൂര്‍ കോര്‍പറേഷനില്‍ മാത്രം ഈ ബോണസ് തടയാനുണ്ടായ സാഹചര്യം വ്യക്തമല്ല. വിഷയം കൃഷിമന്ത്രിയെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇങ്ങനെ പോയാല്‍ ഈ സാമ്പത്തിക വര്‍ഷവും ബോണസ് നഷ്ടപ്പെടാന്‍ ഇടയുണ്ട്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന ചെറിയ സഹായം കൃഷിമന്ത്രി ഇടപെട്ട് ലഭ്യമാക്കണമെന്ന് മണിനാടന്‍ കോള്‍ കര്‍ഷക സമിതി ആവശ്യപ്പെട്ടു. ഉല്‍പാദന ബോണസ് മുടക്കമില്ലാതെ ലഭിക്കുന്നതിന് ആവശ്യമായ ഫണ്ട് കോര്‍പറേഷനിലേക്ക് അലോട്ട് ചെയ്യണമെന്ന് സെക്രട്ടറി കെ.ജി. ഉണ്ണികൃഷ്ണന്‍ കൃഷിമ ന്ത്രി വി.എസ.് സുനില്‍കുമാറിനോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.