റോഡ് പുഴയെടുത്തു

ആമ്പല്ലൂര്‍: കുറുമാലിപ്പുഴയില്‍ ചെങ്ങാലൂര്‍ കുണ്ടുക്കടവ് മണ്‍ചിറക്ക് സമീപം റോഡ് പുഴയെടുത്തു. 30 മീറ്ററോളം നീളത്തിലാണ് റോഡ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. സമീപത്തുള്ള വ്യക്തിയുടെ മതിലുള്‍പ്പെടെ റോഡ് ഏതുനിമിഷവും പുഴയിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. കുണ്ടുക്കടവില്‍ നിന്ന് എസ്.എന്‍ പുരത്തേക്കുള്ള റോഡാണിത്. ഞായറാഴ്ച പുലര്‍ച്ചെയാണ് റോഡ്്പുഴയിലേക്ക് ഇടിഞ്ഞത്. റോഡിന് താഴെ പുഴയില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് റോഡ് പുഴയിലേക്ക് ഇടിയാന്‍ കാരണം. വേനലില്‍ പുഴയിലെ ജലവിതാനം ഉറപ്പുവരുത്താന്‍ കുണ്ടുക്കടവില്‍ നിര്‍മിച്ച താല്‍കാലിക മണ്‍ചിറ കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. ചിറപൊട്ടിയതോടെ ശക്തിയായി ഒഴുക്കുണ്ടായപ്പോള്‍ പുഴക്ക് സമാന്തരമായുള്ള റോഡിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയിരിക്കാമെന്നാണ് സംശയിക്കുന്നത്. നിരന്തരം മണ്ണ് ഒലിച്ചുപോയതിനാലാണ് കുഴി രൂപപ്പെട്ടത്. കാലവര്‍ഷം കനക്കുമ്പോള്‍ തനിയെ പൊട്ടിപ്പോകുന്ന രീതിയിലാണ് മണ്‍ചിറ കെട്ടാറുള്ളത്. പുഴയിടിഞ്ഞ ഭാഗം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്സണ്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവരാജന്‍, അംഗങ്ങള്‍, മുകുന്ദപുരം തഹസില്‍ദാര്‍ എ.ജെ. മേരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ. സുരേഷ്, ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ ഇ. അനന്തകൃഷ്ണന്‍ എന്നിവരും സ്ഥലത്തത്തെി. കലക്ടറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കുണ്ടുക്കടവിലെ ചീപ്പിന്‍െറ ഷട്ടര്‍ അടച്ച് പുഴയുടെ ഗതിമാറ്റി വിടുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന മുറക്ക് ത്വരിതഗതിയില്‍ തീരം കെട്ടി സംരക്ഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവരാജന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.