തവണ വ്യവസ്ഥയില്‍ ഫര്‍ണിച്ചര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ഗുരുവായൂര്‍: തവണകളായി പണമടച്ചാല്‍ കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണിച്ചറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യ ഗഡു പിരിച്ചെടുത്ത് കബളിപ്പിച്ചതായി പരാതി. തൊഴിയൂര്‍ മേഖലയിലാണ് തട്ടിപ്പ്. ചെറുതുരുത്തി കെ.ആര്‍.എസ് കമ്പനിയുടെ പ്രതിനിധികളെന്ന് പരിചയപ്പെടുത്തി എത്തിയവരാണ് പണം പിരിച്ചത്. ആദ്യ ഗഡു പണം അടച്ചാല്‍ ഗൃഹോപകരണങ്ങള്‍ എത്തിക്കാമെന്നും ശേഷിക്കുന്ന തുക തവണകളായി നല്‍കിയാല്‍ മതിയെന്നുമാണ് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് തൊഴിയൂര്‍ പ്രദേശത്തെ വീടുകളില്‍ കയറി പ്രചാരണം നടത്തി പദ്ധതിയില്‍ ആളെ ചേര്‍ത്തത്. പത്തുപേരില്‍ നിന്നായി 10,000 രൂപയോളം ആദ്യ ഗഡുവായി പിരിച്ചെടുക്കുകയും ചെയ്തു. ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് വെള്ളിയാഴ്ച വൈകീട്ടോ, ശനിയാഴ്ച രാവിലെയോ കട്ടിലുകളും അലമാരകളും വിതരണം ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. പിരിച്ച തുകക്ക് രസീതും നല്‍കിയിരുന്നു. രസീതിനൊപ്പം നല്‍കിയ സ്ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലൂടെ ചിലര്‍ക്ക് സമ്മാനങ്ങളും ലഭിച്ചിരുന്നു. ബുക് ചെയ്ത ഗൃഹോപകരണങ്ങള്‍ക്കൊപ്പം സമ്മാനങ്ങളും എത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. പറഞ്ഞ സമയത്ത് സാധനങ്ങള്‍ കാണാതെ വന്നപ്പോള്‍ രസീതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ആദ്യം ഫോണെടുത്ത് സാധനങ്ങള്‍ ഉടന്‍ എത്തിക്കാമെന്ന് മറുപടി ലഭിച്ചെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.