കെട്ടുച്ചിറ തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭം

തൃശൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കെട്ടുച്ചിറ പൂക്കോട്ട് പുഴയോട് ചേര്‍ന്ന 10 ഏക്കര്‍ തണ്ണീര്‍തടം നികത്തുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഗ്രാമരക്ഷാവേദി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തണ്ണീര്‍തടം വാങ്ങിയ സ്വകാര്യ കമ്പനി തദ്ദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് കുളങ്ങളും തോടുകളും നികത്തുകയാണ്. ഇവിടെയുള്ള കുളങ്ങളും തോടുകളും നിലനില്‍ക്കണമെന്ന കോടതി ഉത്തരവുള്ളപ്പോള്‍ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് നികത്തുന്നത്. കനോലി കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന 44ഓളം തോടുകളും കുളങ്ങളും നികത്തുകയും 400ഓളം തെങ്ങുകള്‍ മുറിച്ച് മാറ്റുകയും ചെയ്തെന്ന് ഇവര്‍ ആരോപിച്ചു. കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് തണ്ണീര്‍തടങ്ങള്‍ നികത്തിയതോടെ അവസ്ഥ രൂക്ഷമായി. പരിസ്ഥിതിയേയും ആവാസവ്യവസ്ഥയെയും തകര്‍ക്കുന്ന ഈ നടപടി സാധൂകരിക്കാന്‍ ‘കിറ്റ്കോ’യെക്കൊണ്ട് പ്രഹസന പഠനം നടത്തിച്ച് അനുകൂല റിപ്പോര്‍ട്ട് തേടി. ഗ്രാമസഭ ഒറ്റക്കെട്ടായി എതിര്‍ത്ത പദ്ധതിയെ പഞ്ചായത്ത് ഭരണസമിതി അനുകൂലിക്കുകയാണ്. ഇത് സംബന്ധിച്ച് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഗ്രാമരക്ഷാവേദി ഭാരവാഹികള്‍ അറിയിച്ചു. നിബുല്‍ പ്രകാശ്, കെ.എസ്. സുരാജ്, എ.എസ്. വിഷ്ണു, പി.ടി. ഗോവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.