കിരാലൂര്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; പ്രതിഷേധം ആഹ്ളാദത്തിന് വഴിമാറി

എരുമപ്പെട്ടി: ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് അടച്ചുപൂട്ടിയ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ സമരം ആഹ്ളാദത്തിന് വഴിമാറി. സമരത്തിന്‍െറ എട്ടാം ദിവസമായ ബുധനാഴ്ച ഇടതുപക്ഷ മഹിളാ സംഘടനകളുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ ധര്‍ണ ആരംഭിച്ച് അല്‍പ സമയം കഴിഞ്ഞപ്പോഴാണ് മന്ത്രിസഭാ തീരുമാനം പുറത്തുവന്നത്. ഇതോടെ സമര വേദി ആഹ്ളാദപ്രകടനവേദിയായി. തീരുമാനം ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്ത സമരക്കാര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ നാഷനലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ എം. പത്്മിനി ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇന്ദിര വേലുക്കുട്ടി അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. പുഷ്പ, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ദിലീപ്കുമാര്‍, അരുന്ധതി സുരേഷ്, സതീദേവി ഹരികൃഷ്ണന്‍, കര്‍മല ജോണ്‍സന്‍, ജമീല രാജീവ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ മാസം 30നാണ് ഹൈകോടതി ഉത്തരവ് പ്രകാരം വടക്കാഞ്ചേരി എ.ഇ.ഒ ടി.എന്‍. അംബികാവല്ലി പൊലീസ് സഹായത്തോടെ കിരാലൂര്‍ സ്കൂള്‍ പൂട്ടി സീല്‍ചെയ്തത്. ശ്രമം തടഞ്ഞ സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ജൂണ്‍ ഒന്നിന് സ്കൂളിന് മുന്നില്‍ പ്രതീകാത്മക പ്രവേശനോത്സവം നടത്തിയാണ് സ്കൂള്‍ സംരക്ഷണ സമിതി നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. സ്കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. കിരാലൂരിലെ നാല് ഹരിജന്‍ കോളനികളിലെ കുട്ടികളില്‍ 70 ശതമാനവും പഠിക്കുന്നത് ഈ സ്കൂളിലാണ്. നാല് കി.മീ പരിധിയില്‍ വേറെ സ്കൂളില്ല. സ്കൂള്‍ പൂട്ടി സീല്‍ ചെയ്തെങ്കിലും വിദ്യാര്‍ഥികളുടെ ടി.സി വാങ്ങി മറ്റ് വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ എ.ഇ.ഒ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ ഒറ്റക്കെട്ടായി ടി.സി വാങ്ങാതെ പ്രതിരോധം തീര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.