തൃശൂര്‍: കുഞ്ഞുപുസ്തകങ്ങളുടെ അപൂര്‍വ ശേഖരവുമായി കുന്നംകുളം സ്വദേശി സത്താര്‍ ആദൂര്‍ ഗിന്നസ് റെക്കോഡിന് അരികില്‍. മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇതിനകം ഇടംനേടിയ സത്താര്‍ ലാര്‍ജസ്റ്റ് കലക്ഷന്‍ ഓഫ് മിനിയേച്ചര്‍ ബുക്സ് എന്ന വിഭാഗത്തിലുള്ള ഗിന്നസ് ലോക റെക്കോഡിനുള്ള ശ്രമം ഇന്നലെ നടത്തി. കേരള സാഹിത്യ അക്കാദമി ഹാളില്‍ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്യമം ഉദ്ഘാടനം ചെയ്തു. ഗിന്നസ് പ്രതിനിധിയും യു.ആര്‍.എഫ് ഇന്ത്യന്‍ ജൂറി കൂടിയായ ഡോ. സുനില്‍ജോസഫ് പരിശോധന നടത്തി ഗിന്നസ് റെക്കോഡിനായി സത്താറിന്‍െറ പേര് ശിപാര്‍ശ ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് മാസത്തിനുള്ളില്‍ ഗിന്നസ് റെക്കോഡ് പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസര്‍ബൈജാന്‍ ബാക്കുവവിലുള്ള സലഘോവ സാരിഫ തൈമൂര്‍ ഗൈസി എന്ന സ്ത്രീയുടെ പേരിലുള്ള 7.5 സെ.മീ നീളമുള്ള 2913 പുസ്തകങ്ങളാണ് നിലവിലുള്ള ഗിന്നസ് റെക്കോഡ്. എന്നാല്‍ അഞ്ച് സെ.മീ മുതല്‍ ഒരു സെ.മീ വരെ മാത്രം നീളമുള്ള തന്‍െറ ശേഖരത്തിലുള്ള 3137പുസ്തകങ്ങളുടെ ശേഖരം തയാറാക്കിയാണ് സത്താര്‍ ഈ റെക്കോഡ് ഭേദിച്ചിട്ടുള്ളത്. ഒരുങ്ങുന്നത്. 21 അടി നീളവും നാലടി വീതിയും നാല് സെ.മീ ഘനവുമുള്ള പ്രത്യേകമായുണ്ടാക്കിയ ഷെല്‍ഫില്‍ നൂറ് പുസ്തകങ്ങള്‍ വീതം വെക്കാന്‍ സാധിക്കുന്ന ബോക്സുകളുണ്ടാക്കി അതിലാണ് മനോഹാരിത കൊണ്ട് വ്യത്യസ്തമായ പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം സൂക്ഷ്മമായി പരിശോധിച്ചാണ് ഗിന്നസ് റെക്കോഡിനായി സത്താറിന്‍െറ പേര് ശിപാര്‍ശ ചെയ്തിട്ടുള്ളത്. 2002 മുതല്‍ ആനുകാലികങ്ങളിലുള്‍പ്പെടെ രചന നടത്തുന്ന ഈ 39 കാരന്‍ 2008 മുതല്‍ താന്‍ തയാറാക്കിയ പുസ്തകങ്ങളായിരുന്നു ഈ റെക്കോഡിനായി അവതരിപ്പിച്ചത്. യു.ആര്‍.എഫ് ഏഷ്യയുടെ സര്‍ട്ടിഫിക്കറ്റ് സത്താറിന് മന്ത്രി എ.സി. മൊയ്തീന്‍ സമ്മാനിച്ചു. മേയര്‍ അജിത ജയരാജന്‍ മെഡലും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ പുരസ്കാരവും സമ്മാനിച്ചു. ഷെമീന ബീവിയാണ് സത്താറിന്‍െറ ഭാര്യ. മക്കള്‍: ഫാത്വിമ ഫത്വ, മുഹമ്മദ് അല്‍യസഅ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.