പൂട്ടിച്ച ക്രഷറുകള്‍ തുറക്കാന്‍ മന്ത്രി ഇടപെട്ടു –മലയോര സംരക്ഷണസമിതി

തൃശൂര്‍: നടത്തറ മേഖലയിലെ പൂട്ടിച്ച ക്രഷറുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ മന്ത്രിയുടെ സഹായത്തോടെ നീക്കം നടന്നതായി തൃശൂര്‍ മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഉപാധിരഹിത പട്ടയം നല്‍കുന്നതിന്‍െറ മറവിലാണ് നടത്തറ വലക്കാവ് ആറാംവാര്‍ഡിലുള്‍പ്പെട്ട 650 ഏക്കറിലെ വനഭൂമി ക്വാറി, ക്രഷറര്‍ മാഫിയക്ക് കൊടുക്കാന്‍ മന്ത്രി ഇടപെട്ടത്. ജില്ലക്ക് പുറത്തുള്ള മന്ത്രിയാണെന്ന് അവര്‍ പിന്നീട് സൂചിപ്പിച്ചു. പൂട്ടിയ ക്രഷറുകളും ക്വാറികളും വരുംദിവസം തുറക്കാനുള്ള നീക്കം പൂര്‍ത്തിയായി. ഈ വിഷയത്തില്‍ കെ. രാജന്‍ എം.എല്‍.എ നിലപാട് വ്യക്തമാക്കണം. പരിസ്ഥിതി സംരക്ഷിത വികസനം വാഗ്ദാനം ചെയ്ത ഇടതുമുന്നണി അധികാരത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രകൃതിയെ ദ്രോഹിക്കുന്ന തീരുമാനമെടുത്തത് വോട്ട് ചെയ്തവരെ വഞ്ചിക്കലാണ്. ക്രഷറുകള്‍ അനുവദിക്കാന്‍ കലക്ടറെ നിര്‍ബന്ധിക്കുകയാണ് -അവര്‍ പറഞ്ഞു. മലയോര സംരക്ഷണസമിതിയുടെ 21 ദിവസം നീണ്ട രാപകല്‍ സമരത്തിന്‍െറ പശ്ചാത്തലത്തിലും വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറുകളും ക്വാറികളും നിര്‍ത്തണമെന്ന ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലും ജനുവരി 23ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരവുമാണ് തൃശൂര്‍ എ.ഡി.എം ഏപ്രില്‍ രണ്ടിന് സ്ഥലം സന്ദര്‍ശിച്ച് ക്രഷര്‍ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ വില്ളേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഡി.എഫ്.ഒ, ജിയോളജി, മലിനീകരണ വകുപ്പുകള്‍ വനഭൂമിയിലെ നാല് ക്രഷറുകളും അഞ്ച് പാറമടകളും പൂട്ടിച്ചു. ഈ മേഖലയില്‍ നാല് ക്രഷറുകളും എട്ട് പാറമടകളുമാണ് ഉള്ളത്. സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇവ തുറക്കാനുള്ള ശ്രമത്തിലാണ് ക്വാറി മാഫിയ. അതിന്‍െറ ഭാഗമായി വനഭൂമിയിലെ ക്രഷറുകള്‍ക്കും പാറമടകള്‍ക്കും ഡി.എഫ്.ഒ നല്‍കിയ സ്റ്റോപ് മെമ്മോ പിന്‍വലിപ്പിക്കാനാണ് നീക്കം. സര്‍ക്കാറിലെ പല പ്രമുഖരുടെയും പിന്തുണയോടെയാണ് ഇത് നടക്കുന്നത്. സ്റ്റോപ് മെമ്മോ നല്‍കിയ മുളയം വില്ളേജ് ഓഫിസറെ നിര്‍ബന്ധിച്ച് അവധിയില്‍ പ്രവേശിപ്പിച്ചു. ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നത് 350 ഓളം കുടുംബങ്ങളെ ബാധിക്കും. ക്രഷറുകളെ സഹായിക്കുന്ന ഉത്തരവുകള്‍ ഇതിനകം പുറത്തിറക്കിയെന്നും സമിതി ഭാരവാഹികളായ ജോബി കൈപ്പാങ്ങല്‍, സുരേഷ് തെക്കൂട്ട്, ഷാജി കുര്യന്‍, ടി.ആര്‍. ശരണ്‍ജിത്ത്, ടി.ജെ. ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.