വെള്ളക്കാര്യം ഇപ്പം ശര്യാക്കാം

തൃശൂര്‍: നഗര പരിധിയിലെ ജലവിതരണം പൂര്‍ണമായും ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു. നിലവില്‍ പഴയ മുനിസിപ്പല്‍ പ്രദേശത്താണ് കോര്‍പറേഷന്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിന് ആവശ്യമായ വെള്ളം നല്‍കാതിരിക്കുകയും നല്‍കാത്ത വെള്ളത്തിന് പോലും തുക ഈടാക്കുകയും ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ നിഷേധാത്മക നയവും ജല വിതരണത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികൂല സമീപനവുമാണ് കോര്‍പറേഷനെ ഇതിന് പ്രേരിപ്പിക്കുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ അതോറിറ്റിയും കോര്‍പറേഷനും നടത്തുന്ന ഇരട്ട ജലവിതരണ സംവിധാനം സൃഷ്ടിക്കുന്ന പ്രശ്നത്തിന് പരിഹാരം എന്ന നിലക്കാണ് കോര്‍പറേഷന്‍ ഈ വഴിക്ക് നീങ്ങുന്നത്. ഇതുസംബന്ധിച്ച് തീരുമാനമെടുത്ത് പ്രാഥമിക ചര്‍ച്ച തുടങ്ങിയെന്നും മന്ത്രിതലത്തിലും സര്‍ക്കാര്‍തലത്തിലും ചര്‍ച്ച നടത്തി തീരുമാനമുണ്ടാക്കുമെന്നും മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. പദ്ധതി ഏറ്റെടുക്കുന്ന കാര്യം കോര്‍പറേഷന്‍ ജല അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ജലവിതരണത്തിന്‍െറ പൂര്‍ണ ചുമതല കോര്‍പറേഷനിലായാല്‍ ഇപ്പോള്‍ കുടിവെള്ള വിതരണത്തിന്‍െറ കള്ളക്കണക്ക് പൊളിയുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ജലവിതരണ ചുമതല വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ നേരത്തെതന്നെ നയപരമായ തീരുമാനം എടുത്തിട്ടുണ്ട്. അതിനാല്‍ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് കോര്‍പറേഷന്‍ പ്രതീക്ഷ. വൈദ്യുതി വിതരണത്തിന് ഉള്ളതുപോലെ ജലവിതരണത്തിന് കോര്‍പറേഷനില്‍ പ്രത്യേക സംവിധാനം ഇല്ലാത്തതിനാല്‍ മരാമത്ത് വിഭാഗത്തില്‍നിന്ന് എന്‍ജിനീയര്‍മാരെ വിന്യസിച്ച് പ്രത്യേകം വകുപ്പുണ്ടാക്കാനാണ് ഉദ്ദേശ്യം. ഇതിന് നടപടി തുടങ്ങി. സംസ്ഥാനത്ത് ജലവിതരണവും വൈദ്യുതി വിതരണവും നിര്‍വഹിക്കുന്ന ഏക തദ്ദേശ സ്ഥാപനമാണ് തൃശൂര്‍ കോര്‍പറേഷന്‍. തൃശൂര്‍ നഗരസഭയുടെ ഉടമാവകാശത്തിലായിരുന്ന ജലവിതരണ സംവിധാനം 1988ല്‍ ജല അതോറിറ്റിക്ക് കൈമാറി. അതിനെതിരെ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധം അവഗണിച്ചാണ് അതോറിറ്റി ജലവിതരണാവകാശം ഏറ്റെടുത്തത്. 1994ല്‍ കെ. കരുണാകരന്‍ അധികാരത്തില്‍ വന്നപ്പോളാണ് ജലവിതരണാവകാശം നഗരസഭക്ക് തിരിച്ചുനല്‍കിയത്. അതോറിറ്റി ഏറ്റെടുത്ത അതേ അവസ്ഥയില്‍ തിരിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടതെങ്കിലും മുനിസിപ്പല്‍ പ്രദേശത്തെ ജലവിതരണം മാത്രം നഗരസഭ ഏറ്റെടുത്തു. കോര്‍പറേഷനായതോടെ നഗര പരിധിയില്‍ ഇരട്ട ജലവിതരണ സംവിധാനമായി. അത് കോര്‍പറേഷന് നഷ്ടമുണ്ടാക്കുകയും വെള്ളം കിട്ടുന്നില്ളെന്ന പരാതിക്ക് ഇടയാക്കുകയും ചെയ്തു. കുടിവെള്ള തര്‍ക്കവും പരാതിയും കൗണ്‍സില്‍ യോഗത്തിലും വിഷയമാണെന്നിരിക്കെ പുതിയ നീക്കം ഇതിനുള്ള പരിഹാരം ആവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.