ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെ ജലസമൃദ്ധിയുടെ പുതുവിപ്ളവം തീര്‍ത്ത് കേരളത്തിലെ പ്രഥമ ഉരുക്കുതടയണ പാഞ്ഞാള്‍ പഞ്ചായത്തിലെ വാഴാലിപ്പാടത്ത് പ്രവര്‍ത്തനസജ്ജം. ഭാരതപ്പുഴയിലെ നിരവധി തടയണകള്‍ ശാപമോക്ഷം ലഭിക്കാതെ കിടക്കുമ്പോള്‍ വിസ്മയമാവുകയാണ് ഉരുക്കു തടയണ. യൂറോപ്പില്‍നിന്നാണ് ഇതിനുളള അസംസ്കൃത വസ്തുക്കള്‍ എത്തിച്ചത്. 200 മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമാണ് തടയണ നിര്‍മിച്ചത്. 2015 ഏപ്രിലിലാണ് നിര്‍മാണം ആരംഭിച്ചത്. കൂട്ടിയോജിപ്പിക്കാവുന്ന ഘനമുള്ള ഉരുക്കുപാളികള്‍ പുഴയുടെ അടിത്തട്ടിലെ പാറവരെ താഴ്ത്തി യോജിപ്പിച്ചാണ് നിര്‍മിച്ചത്. വലിയ ശേഷിയുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉന്നതമര്‍ദം ഉപയോഗിച്ചാണ് ഉരുക്കുപാളികള്‍ പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ചത്. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാഴാലിപ്പാടം മായന്നൂര്‍ മേഖലയില്‍ തടയണയുടെ മേല്‍ഭാഗത്ത് മൂന്ന് കിലോമീറ്ററോളം ദൂരം വെള്ളം സുലഭമായി പുഴയില്‍ ലഭിക്കാവുന്ന സാഹചര്യമാണ് ഒരുങ്ങിയത്. മായന്നൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലുള്ളവര്‍ക്കും ചേലക്കരക്കാര്‍ക്കും തടയണയുടെ പ്രയോജനം ലഭിക്കും. പുഴയുടെ മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളം തുറന്നുവിടാന്‍ നാല് ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏപ്രിലില്‍ പണി തുടങ്ങിയെങ്കിലും മഴ കാരണം ആഗസ്റ്റ് മുതല്‍ 10 മാസത്തിനകം പണി പൂര്‍ത്തീകരിക്കാനായി. പഞ്ചായത്ത് മുന്‍ അംഗം പി.എം. മുസ്തഫ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് സമര്‍പ്പിച്ച നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് തടയണക്ക് അനുമതിയും ഫണ്ടും ലഭിച്ചത്. എന്‍ജിനീയര്‍ കെ.പി. സേതുമാധവന്‍ അങ്ങാടിപ്പുറത്തിന്‍െറ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനിലെ മുഹമ്മദ് ഹാരിസ്, ജമീല്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം നടന്നത്. പണി പൂര്‍ത്തിയായ തടയണ ഉദ്ഘാടന മാമാങ്കമില്ലാതെ തുറന്നു കൊടുക്കാനാണ് തീരുമാനം. ഈ തടയണ കാണാന്‍ നിരവധി പേര്‍ വാഴാലിപ്പാടത്ത് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.