തൃശൂര്‍: കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടി ‘ഗോരക്ഷ’ 20ാം ഘട്ടം ജില്ലാതല ഉദ്ഘാടനം വെങ്ങിണിശ്ശേരി മൃഗാശുപത്രിയില്‍ മരുന്ന് കിറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ റാഫേലിന് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷീര-മത്സ്യ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും നിലവിലുള്ളവരുടെ ഉപജീവന സുരക്ഷ ഉറപ്പ് വരുത്താനും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനും രൂപരേഖ തയാറാക്കുമെന്ന് ഷീല വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ 1,32,689 ഉരുക്കള്‍ക്കും ഈമാസം 30ഓടെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കുകയാണ് ലക്ഷ്യമെന്ന് പദ്ധതി വിശദീകരിച്ച ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. യു.എസ്. രാമചന്ദ്രന്‍ പറഞ്ഞു. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കിടാരികള്‍, ചികിത്സയിലുള്ളവ, ഗര്‍ഭിണിയായ ഉരുക്കള്‍ എന്നിവക്ക് രണ്ട് മാസത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പ് നല്‍കും. ജില്ലയില്‍ പ്രത്യേകം ഒരുക്കിയ ക്യാമ്പുകളിലൂടെയും ഭവന സന്ദര്‍ശനത്തിലൂടെയുമായിരിക്കും കുത്തിവെപ്പ് നല്‍കുക. കന്നുകാലികളുടെ ആരോഗ്യവും ഉല്‍പാദനക്ഷമതയും നശിപ്പിക്കുകയും കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ചെയ്യുന്ന കുളമ്പുരോഗം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേശീയ ക്ഷീരവികസനബോര്‍ഡിന്‍െറ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുത്തിവെപ്പ് ക്യാമ്പുകള്‍ ഈമാസം 28 വരെ നടത്തും. പശു, എരുമ, പന്നി എന്നിവക്ക് അഞ്ച് രൂപ വീതം നല്‍കണം. കുത്തിവെപ്പിന് വിധേയമായ കന്നുകാലികള്‍ക്ക് മൃസംരക്ഷണ വകുപ്പിന്‍െറയും ഗ്രാപഞ്ചായത്തിന്‍െറയും തുടര്‍ പദ്ധതികളില്‍ മുന്‍ഗണനയുണ്ടായിരിക്കും. പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വത്സല ദിവാകരന്‍, പാറളം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ജി. വിനയന്‍, ചേര്‍പ്പ് ബ്ളോക് പഞ്ചായത്ത് അംഗം ആഷ മാത്യൂസ്, എം.എസ്. മനോജ്, എന്‍. ഉഷാറാണി, വെങ്ങിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്‍റ് ശിവശങ്കര്‍, ചേനം ക്ഷീരസംഘം പ്രസിഡന്‍റ് അജേഷ്, ചേര്‍പ്പ് ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി.എം. സുഷമ, ഡോ. എ.സി. മോഹന്‍ദാസ്, ഡോ. അരുണ്‍ റാഫേല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.