പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനെ വെട്ടി പുഴയില്‍ തള്ളുമെന്ന് ഭീഷണി

വാടാനപ്പള്ളി: താന്ന്യം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെ വെട്ടി പുഴയില്‍ തള്ളുമെന്ന് കഞ്ചാവ് -മയക്കുമരുന്ന് ഗുണ്ടാ മാഫിയയുടെ ഭീഷണി. കണ്ണംചിറ പുളിക്കെട്ട് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് താന്ന്യം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗവും ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും സി.പി.ഐ നേതാവുമായ വി.എ. അബൂബക്കറിനെ അഞ്ച് ഗുണ്ടകള്‍ ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വെള്ളക്കെട്ട് ഭീഷണിയിലായ പ്രദേശത്തെ ബുദ്ധിമുട്ടുകള്‍ പറയാന്‍ എത്തിയവരുടെ മുന്നില്‍ വെച്ചാണ് അന്തിക്കാട് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയില്‍പെട്ട അനസ് വധഭീഷണി മുഴക്കിയത്. വൈകീട്ട് പൊലീസത്തെി അനസിനെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മയക്കുമരുന്നിനെതിരെ പ്രതികരിക്കുന്നതിലെ വിരോധമാണ് വധഭീഷണിക്ക് കാരണമെന്ന് അബൂബക്കര്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ കിരാത വാഴ്ചയിലാണ് തീരദേശ മേഖലയും കോള്‍ മേഖലയും. സ്കൂള്‍, കോളജ് പരിസരങ്ങളില്‍ ഇവരുടെ ശല്യമേറെയാണ്. പൈനൂര്‍, വന്നേരി മാട്, കണ്ണംചിറ, പുളിക്കക്കടവ് പ്രദേശങ്ങളില്‍ രാപകല്‍ ഭേദമന്യേയാണ് ഗുണ്ടകള്‍ വിഹരിക്കുന്നത്. അറസ്റ്റിലാകുന്നവരെ പുറത്തു കൊണ്ടുവരാന്‍ സ്ഥിരമായി ചിലര്‍ ഇടപെടുന്നതിനാല്‍ ഇവര്‍ക്കുമുന്നില്‍ പൊലീസ് നിഷ്പ്രഭരാണ്. അബൂബക്കറിന്‍േറത് ആദ്യസംഭവമല്ല. കഴിഞ്ഞ ഏകാദശി നാളില്‍ വന്നേരി മാട് പ്രദേശത്തെ രണ്ട് സി.പി.ഐ പ്രവര്‍ത്തകരെ ഗുണ്ടകള്‍ മര്‍ദിച്ചിരുന്നു. മാഫിയകള്‍ പരസ്പരം പോരാടുന്നതും പതിവാണ്. ഇടപെടുന്നവര്‍ക്കുണ്ടാകുന്ന ദുരനുഭവം കണ്ടും മനുഷ്യത്വം തീണ്ടാത്തവരുടെ ഭീഷണി മൂലവും പൊതുജനം ഇടപെടാറില്ളെന്നു മാത്രം. പെരിങ്ങോട്ടുകരയില്‍ പൊലീസ് സ്റ്റേഷനു പകരം എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത് ഇരുചക്ര യാത്രികര്‍ക്ക് പിഴയൊടുക്കാന്‍ മാത്രമുള്ള കേന്ദ്രമായെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍, ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് മാത്രമല്ല യുവാക്കള്‍ക്കു പോലും വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അനിഷ്ട സംഭവങ്ങളുണ്ടായാലും അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് എളുപ്പം എത്താന്‍ കഴിയാത്ത ഇടമാണിത്. ചില രാഷ്ട്രീയ കക്ഷികളും കഞ്ചാവ് മാഫിയക്ക് തുണ നില്‍ക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തീര മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ജനപ്രതിനിധിക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ താന്ന്യം തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. ബൈജു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.