ക്ളാസ് കട്ട് ചെയ്ത് കറങ്ങി നടക്കല്ളേ, പൊലീസിന്‍െറ പിടിവീഴും

തൃശൂര്‍: ഇനി ക്ളാസ് കട്ട് ചെയ്ത് കറങ്ങി നടക്കാനൊന്നും മിനക്കെടണ്ട, പിറകെ പൊലീസിന്‍െറ കണ്ണുണ്ടെന്ന് ഓര്‍ക്കുക. അവര്‍ പിടികൂടി മാതാപിതാക്കളെ ഏല്‍പിക്കും. അത്തരം അവസ്ഥ ഒഴിവാക്കണമെങ്കില്‍ നല്ല കുട്ടികളായി ക്ളാസിലിരുന്ന് പഠിക്കുക. വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ ‘സുരക്ഷിത അധ്യയന വര്‍ഷം’ എന്ന തൃശൂര്‍ സിറ്റി പൊലീസിന്‍െറ സുരക്ഷാ നടപടികളുടെ ഭാഗമാണിത്. അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, പുകയില ഉല്‍പന്നങ്ങളും ലഹരി വസ്തുക്കളും സ്കൂള്‍ പരിസരങ്ങളില്‍ കിട്ടാതാക്കുക, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നിവയില്‍ ഊന്നിയ പ്രത്യേക കര്‍മപദ്ധതിക്കാണ് സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണിന്‍െറ നേതൃത്വത്തില്‍ രൂപം നല്‍കിയത്. ഇതിന്‍െറ ഭാഗമായി സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നിന്‍െറയും ലഹരി പാനീയങ്ങളുടെയും വില്‍പന ഇല്ലാതാക്കാന്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, ആന്‍റി നാര്‍കോട്ടിക് സ്ക്വാഡ്, ഷാഡോ പൊലീസ് എന്നിവരുടെ സേവനം ലഭ്യമാക്കും. ഇവിടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ക്ളാസുകളില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടത്തെി വിവരം രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും അറിയിക്കും. സ്കൂള്‍ വിദ്യാര്‍ഥികളെ ഓട്ടോകളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയാന്‍ കര്‍ശനപരിശോധന നടത്തും. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറാകാത്ത ജീവനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രധാനപ്പെട്ട സ്റ്റോപ്പുകളിലും സ്കൂള്‍ പരിസരങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കമീഷണര്‍ അറിയിച്ചു. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ സിറ്റി പൊലീസിന്‍െറ ‘7025930100’ എന്ന നമ്പറില്‍ വാട്സ്ആപ്പ് മുഖേനയും ‘100’ എന്ന നമ്പറില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും വിളിച്ചറിയിക്കാം. സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാനായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.