വിദ്യാര്‍ഥിനിയുടെ മുങ്ങി മരണം; മനുഷ്യാവകാശ കമീഷന്‍ നടപടി അവസാനിപ്പിച്ചു

തൃശൂര്‍: പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ളാസ് വിദ്യാര്‍ഥിനിയും മൂര്‍ക്കനിക്കര കരുവാന്‍ വീട്ടില്‍ വിജയന്‍െറ മകളുമായ ഡയാന (14) മുങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ നടപടി അവസാനിപ്പിച്ചു. ഇതേ വിദ്യാലയത്തിലെ മറ്റൊരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.വി. ദാസന്‍ നല്‍കിയ പരാതിയില്‍ വിദ്യാലയ അധികൃതരില്‍ നിന്നും വിശദീകരണം തേടുകയും പരാതിക്കാരനില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. 2015 ഏപ്രില്‍ മാസത്തില്‍ വിദ്യാലയത്തില്‍ നിന്നും സാഹസിക ക്യാമ്പില്‍ പങ്കെടുക്കാനായി തമിഴ്നാട്ടിലേക്ക് പോകുകയും അവിടെ ഡാമില്‍ ഡയാന മുങ്ങി മരിക്കുകയുമായിരുന്നു. സാഹസിക ക്യാമ്പിന് പോകുന്ന വിദ്യാര്‍ഥിനികള്‍ക്ക് പര്യാപ്തമായ സുരക്ഷാ സംവിധാനം സ്കൂളധികൃതരും അധ്യാപകരും ഏര്‍പ്പെടുത്താതിരുന്നതും അനാസ്ഥയുമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു പരാതി. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്‍െറ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ലാത്തതിനാല്‍ അവിടെ വിദ്യാര്‍ഥികള്‍ക്ക് തികഞ്ഞ വിവേചനവും അവഗണനയും അനുഭവിക്കേണ്ടി വരുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ അധീനതയിലുള്ളതിനാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിക്ക് നിയമ തടസ്സമുണ്ടെന്ന് കമീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാലയത്തിന്‍െറ ചെയര്‍മാനായ ജില്ലാ കലക്ടര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍, ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ തുടങ്ങിയവരായിരുന്നു പരാതിയിലെ എതിര്‍കക്ഷികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.