തൃശൂര്‍ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം : മന്ത്രിയുടെ ആദ്യചുവട്

തൃശൂര്‍: കോര്‍പറേഷന്‍െറയും പരിസരത്തെ പത്ത് ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ കരുവന്നൂര്‍ കുടിവെള്ളപദ്ധതി വേഗത്തിലാക്കാന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ. പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിലാക്കാന്‍ മന്ത്രി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കി. രണ്ട് കോടി വരെ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വകയിരുത്താമെന്ന് കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തൃശൂരിന്‍െറ പ്രതിനിധിയായ കൃഷിമന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് തൃശൂര്‍ മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് യോഗം ചേരുന്നത്. അടുത്ത വേനലിന് മുമ്പ് ടാങ്കര്‍ ലോറി ഉപയോഗിച്ചുള്ള കുടിവെള്ള വിതരണത്തില്‍ മാറ്റം വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നഗരത്തിലെ കുടിവെള്ള വിതരണ അവകാശം കോര്‍പറേഷനാണെന്നിരിക്കെ എല്ലാം അവരുടെ ചുമലിലേല്‍പ്പിക്കുന്നതാണ് തൃശൂരിലെ പതിവ്. തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച നൂറുകണക്കിന് പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ആദ്യ പരിഗണനാ വിഷയമായി കുടിവെള്ള പ്രശ്നം ഏറ്റെടുത്തത്. പീച്ചിക്കു പുറമെ കരുവന്നൂര്‍ പുഴയില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കൊപ്പം പീച്ചി ജലവിതരണ പൈപ്പ് ലൈന്‍ നവീകരിച്ച് ജലലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മുക്കാട്ടുകര വരെയുള്ള 70 എം.എം പ്രിമോ പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ ജല അതോറിറ്റിക്ക് ലഭിച്ച അമൃത് പദ്ധതിയിലുണ്ട്. പീച്ചിയില്‍ നിന്ന് രണ്ട് പ്ളാന്‍റുകളില്‍ നിന്നായി 50.5 ദശലക്ഷം എം.എല്‍.ടി വെള്ളമാണ് ഇപ്പോള്‍ നഗരത്തിലേക്ക് പമ്പു ചെയ്യുന്നത്. 14 ദശലക്ഷം എം.എല്‍.ടി ശേഷിയുള്ള പുതിയൊരു പ്ളാന്‍റുകൂടി ഒരുങ്ങുന്നുണ്ട്. ഇതോടെ നഗരത്തില്‍ എത്തുന്ന വെള്ളത്തിന്‍െറ അളവ് 65 ദശലക്ഷം എം.എല്‍.ടിയാവും. എന്നാല്‍, കണക്കുകള്‍ പ്രകാരം കോര്‍പറേഷന്‍ പരിധിയില്‍ വേണ്ടത് 86 ദശലക്ഷം എം.എല്‍.ടിയാണ്. ശേഷിക്കുന്ന വെള്ളത്തിന് മാര്‍ഗം കണ്ടത്തെിയാല്‍ ടാങ്കര്‍ ലോറിയിലെ കുടിവെള്ള വിതരണം ഒഴിവാക്കാം. നഗരത്തില്‍ തന്നെയുള്ള 14 ചിറകളും മറ്റു ജലസ്രോതസ്സുകളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ എന്തെന്ന് ശാസ്ത്രീയമായി പഠിക്കാന്‍ ഏതെങ്കിലും ഏജന്‍സികളെ ഏല്‍പിക്കണം. ഇതിനുള്ള ചുമതല കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്ന് മന്ത്രി മേയറോട് അഭ്യര്‍ഥിച്ചു. നഗരത്തിലെ ചില ചിറകളിലെ വെള്ളത്തില്‍ മാലിന്യത്തിന്‍െറ തോത് അധികമാണെന്നും കുടിവെള്ളമായി ഉപയോഗിക്കണമെങ്കില്‍ അത്യാധുനിക രീതിയിലുള്ള ഫില്‍ട്ടര്‍ സംവിധാനം വേണ്ടിവരുമെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ശുദ്ധീകരിച്ച വെള്ളം തന്നെയാണ് തോട്ടം നനക്കാനും തുണി കഴുകാനും മറ്റും ഉപയോഗിക്കുന്നത്. പ്രത്യേകം പൈപ്പ് ലൈനിലൂടെ കഴുകാനും നനക്കാനുമായി ശുദ്ധീകരിക്കാത്ത വെള്ളം എത്തിച്ചാല്‍ കോര്‍പറേഷന്‍ പരിധിയില്‍ ശുദ്ധജല വിതരണത്തിന്‍െറ വ്യാപനം കൂട്ടാനാവുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്ളാന്‍റുകളുടെ ശേഷി വര്‍ധിപ്പിക്കണം. പദ്ധതികളുടെ നടത്തിപ്പിന്‍െറയും പ്രവര്‍ത്തനങ്ങളുടെയും കോഓഡിനേറ്ററായി ജലവിഭവ അതോറിറ്റി അസി.എക്സി. എന്‍ജിനീയര്‍ ബി.എ. ബെന്നിയെ യോഗം ചുമതലപ്പെടുത്തി. അടുത്ത വേനലിന് മുമ്പ് ലക്ഷ്യം കാണുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ഓരോ ശനിയാഴ്ചയും മേയറുടെയോ എം.എല്‍.എയുടെയോ മുന്നില്‍ അവതരിപ്പിക്കണം. അടുത്ത അവലോകന യോഗം ജൂലൈ ഒന്നിന് ചേരുമെന്നും മന്ത്രി അറിയിച്ചു. മേയര്‍ അജിത ജയരാജന്‍, കലക്ടര്‍ വി. രതീശന്‍, സബ് കലക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.