കുന്നംകുളം: സ്വകാര്യ വ്യക്തിയുടെ ഹോട്ടലില്‍ ബിയര്‍ പാര്‍ലറിന് ഹൈകോടതിയില്‍ നിന്ന് അനുമതി ലഭിക്കാന്‍ കാരണമായത് നഗരസഭയുടെ കൊടുകാര്യസ്ഥത. ഇതേചൊല്ലി വിവാദം കൊഴുക്കുകയാണ്. കുന്നംകുളം കെ.ആര്‍ റസിഡന്‍സിക്കാണ് നഗരസഭാധികൃതരുടെ നിരുത്തരവാദ നിലപാട് മൂലം ഹൈകോടതിയില്‍നിന്ന് ബിയര്‍പാര്‍ലറിന് അനുമതി ലഭിച്ചത്. അനുമതിക്കായി ഹോട്ടലുടമ നല്‍കിയ അപേക്ഷയില്‍ നഗരസഭ യഥാസമയം തീരുമാനമെടുക്കാതിരുന്നതാണ് കോടതിയുടെ അനുകൂലതീരുമാനത്തിന് വഴിവെച്ചത്. ഇതിന് പിന്നില്‍ നഗരസഭയിലെ ചില അംഗങ്ങളുടെ ഒത്തുകളിയാണെന്ന ആക്ഷേപം ശക്തമാണ്. ബിയര്‍ പാര്‍ലറിന് അനുമതി നല്‍കുന്ന ഉത്തരവ് ഏപ്രിലില്‍ തന്നെ കെ.ആര്‍ റസിഡന്‍സി ഉടമ കെ.ആര്‍. രഘു കോടതിയില്‍ നിന്ന് സമ്പാദിച്ചിരുന്നു. 2012ലാണ് ഹോട്ടലുടമ ബിയര്‍ പാര്‍ലര്‍ അനുമതിക്കായി നഗരസഭയില്‍ അപേക്ഷ നല്‍കിയത്. കൗണ്‍സില്‍ തീരുമാനമില്ലാതെ നഗരസഭാസെക്രട്ടറി എന്‍.ഒ.സി നല്‍കി. ഇതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് കെ.ബി. ഷിബു നല്‍കിയ പരാതിയില്‍ അനുമതി ഓംബുഡ്സ്മാന്‍ മരവിപ്പിച്ചു. പിന്‍വാതിലിലൂടെ അനുമതി നല്‍കാനുള്ള അന്നത്തെ ഭരണസമിതിയുടെ ശ്രമങ്ങളും വിജയിച്ചില്ല. തുടര്‍ന്നാണ് നഗരസഭക്ക് അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിയര്‍ പാര്‍ലറിന് അനുമതി ലഭിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമ കോടതിയെ സമീപിച്ചത്. ഹോട്ടലുടമയുടെ അപേക്ഷയില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് കോടതി നഗരസഭയോട് ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന്, കോടതിയില്‍ നിന്ന് നഗരസഭക്ക് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നെന്ന് നഗരസഭ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ പെരുമാറ്റച്ചട്ടം ബാധകമല്ളെന്ന് കോടതി അറിയിച്ചു. തുടര്‍ന്നാണ് ബിയര്‍ പാര്‍ലറിന് അനുമതി നല്‍കിയും തുടര്‍നടപടിക്ക് എക്സൈസ് കമീഷണറോട് നിര്‍ദേശിച്ചും ഹൈകോടതി ജഡ്ജി ഡാമാ ശേഷാദ്രി നായിഡു ഏപ്രില്‍ എട്ടിന് ഉത്തരവിട്ടത്. എന്നാല്‍ ബിയര്‍ പാര്‍ലറിന് അനുമതി ലഭിച്ച കാര്യം മറച്ചുവെച്ച് എന്‍.ഒ.സിക്കായുള്ള അപേക്ഷ കഴിഞ്ഞദിവസം ഭരണകക്ഷിയായ സി.പി.എം കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയാക്കി. എന്‍.ഒ.സി നല്‍കേണ്ടെന്ന് കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിച്ചു. ഹൈകോടതി നിര്‍ദേശം ചെയര്‍മാനും സെക്രട്ടറിയും അജണ്ടയില്‍ ഉള്‍പ്പെടുത്താതിരുന്നത് ആക്ഷേപങ്ങള്‍ക്ക് കാരണമായി. കോടതി ഉത്തരവ് മറച്ചുവെച്ച് കൗണ്‍സില്‍ അംഗങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നെന്നും ഭരണകക്ഷിയിലെ പ്രമുഖ കൗണ്‍സിലര്‍മാര്‍ ഇക്കാര്യത്തില്‍ വന്‍ അഴിമതി നടത്തിയെന്നും ആക്ഷേപമുണ്ട്. പുതിയ ഭരണസമിതി അധികാരത്തിലേറി മാസങ്ങളായിട്ടും വിഷയം കൗണ്‍സിലില്‍ അജണ്ടയായി വെക്കാതെ വൈകിപ്പിച്ചത് ഹൈകോടതിയില്‍ നിന്ന് അനുമതി തേടാന്‍ അവസരം ഒരുക്കാനായിരുന്നെന്ന് ചില കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ ഒത്താശയോടെ ഹൈകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായത് കുന്നംകുളത്തെ സി.പി.എമ്മില്‍ പൊട്ടിത്തെറി സൃഷ്ടിക്കും. അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.