പരാതി കുട്ടയിലിട്ടോ? നേരിട്ടറിയാന്‍ പൊലീസ് ഏകജാലകത്തിലേക്ക് വിളിക്കൂ

തൃശൂര്‍: സിറ്റി പൊലീസ് കമീഷണര്‍ക്ക് നിങ്ങള്‍ നല്‍കിയ പരാതിയുടെ സ്ഥിതി അറിയാന്‍ ഇനി ഒരു ഫോണ്‍ വിളി മതി. സിറ്റി പൊലീസ് നടപ്പാക്കുന്ന ഏകജാലക സംവിധാനം ആഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പൊതുജനങ്ങള്‍ പരാതികളിലെ നടപടികളും പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വിസ് കാര്യങ്ങളും അറിയാനാണ് പദ്ധതി നടപ്പാക്കുന്നത്. 9497962692 എന്ന നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ അറിയാനാകുന്ന രീതിയിലാണ് ഏക ജാലക സംവിധാനം. കമീഷണര്‍ക്ക് നല്‍കിയ പരാതികളുടെ നിലവിലെ സ്ഥിതി, പാസ്പോര്‍ട്ട് അന്വേഷണം, ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും ഇതുവഴി ലഭിക്കും. ഉദ്യോഗസ്ഥരുടെ ജോലിസംബന്ധമായ നടപടികള്‍, മൈക്ക് ഉപയോഗത്തിനുള്ള അനുമതി, വിദേശികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. കമീഷണര്‍ ഓഫിസില്‍ പോകാതെ സര്‍വിസ് സംബന്ധമായ വിവരങ്ങളും ലഭിക്കുമെന്നതാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ഗുണം. ഏകജാലക മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ എസ്.എം.എസ് ആയി അയച്ചുകൊടുക്കാനുള്ള സംവിധാനവും ഉണ്ട്. പൊലീസ് സേനയെ കൂടുതല്‍ സുതാര്യമാക്കുന്നതിന്‍െറ ഭാഗമായി ഐ.ജി എം.ആര്‍. അജിത്തിന്‍െറ നിര്‍ദേശപ്രകാരമാണ് കമീഷണര്‍ ഡോ. ജെ. ഹിമേന്ദ്രനാഥ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.