ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍: ഗുണഭോക്താക്കളെ വട്ടംകറക്കിയ ഉദ്യോഗസ്ഥയെ മാറ്റും

ഗുരുവായൂര്‍: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന ഉദ്യോഗസ്ഥയെ ജനകീയാസൂത്രണ ഭവന പദ്ധതിയുടെ നിര്‍വഹണ ചുമതലയില്‍ നിന്ന് നീക്കാന്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. ഈ ഉദ്യോഗസ്ഥയെ നഗരസഭയില്‍ നിന്ന് സ്ഥലംമാറ്റാന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുള്ളതായും നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി കൗണ്‍സിലില്‍ അറിയിച്ചു. പരാതികളെ തുടര്‍ന്ന് ഉദ്യോഗസ്ഥയെ ഭവന നിര്‍മാണ അനുകൂല്യം വിതരണം ചെയ്യുന്ന ചുമതലയില്‍ നിന്ന് നീക്കാന്‍ സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയിട്ടും നടപ്പാകാതിരുന്ന സാഹചര്യത്തിലാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ഈ വിഭാഗത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയാണ് പരാതികള്‍ക്കിടയാക്കിയ ഉദ്യോഗസ്ഥയെ നിയമിച്ചത്. ഭരണപക്ഷമായ സി.പി.എമ്മിലെ പ്രസീദ മുരളീധരനാണ് ഭവന നിര്‍മാണ പദ്ധതി വഴി വീട് പണിയുന്നവര്‍ ഗഡുക്കള്‍ ലഭിക്കാതെ വലയുന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയത്. പിന്നീട് ഭരണപക്ഷത്തു നിന്നു തന്നെ ഹബീബ് നാറാണത്ത്, ടി.എസ്.ഷെനില്‍ തുടങ്ങിയവര്‍ വിഷയം ഉന്നയിച്ചു. ഗഡുക്കള്‍ ലഭിക്കാതെ ഗുണഭോക്താക്കള്‍ വലഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥയെ ഉപരോധിച്ച യു.ഡി.എഫിനും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായില്ല. എന്നാല്‍ ഉദ്യോഗസ്ഥക്കെതിരെ സമരം നയിച്ചവര്‍ കൗണ്‍സിലില്‍ നിശ്ശബ്ദമായെന്ന് പറഞ്ഞ് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ പ്രകോപിപ്പിച്ചതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് ആന്‍േറാ തോമസ്, റഷീദ് കുന്നിക്കല്‍, ബഷീര്‍ പൂക്കോട്, എ.ടി.ഹംസ, പി.എസ്.രാജന്‍ എന്നിവര്‍ സജീവമായി. ഭരണപക്ഷം തങ്ങള്‍ ചൂണ്ടിക്കാണിച്ച തെറ്റ് മനസ്സിലാക്കി തിരുത്തുന്നതിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു അവരുടെ നിലപാട്. കേന്ദ്രാവിഷ്കൃത ഭവന നിര്‍മാണ പദ്ധതിയായ പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ) നഗരസഭയില്‍ നടപ്പാക്കും. സെക്രട്ടറി രഘുരാമന്‍ പദ്ധതി വിശദീകരിച്ചു. 50,000ന് മേല്‍ ജനസംഖയുള്ള നഗരസഭകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയാണിത്. കേന്ദ്ര പദ്ധതിയുടെ അപ്രായോഗികതകള്‍ ടി.ടി.ശിവദാസന്‍, റഷീദ് കുന്നിക്കല്‍, കെ.വി.വിവിധ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഏറെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. 40,31,44,787രൂപ വരവും 24,86,02,094 രൂപ ചെലവും 15,45,42,693 രൂപ നീക്കിയിരിപ്പുമുള്ള വാര്‍ഷിക ധനകാര്യ പത്രിക അംഗീകരിച്ചു. നഗരസഭയിലെ പ്രധാന ചര്‍ച്ചകള്‍ കൗണ്‍സിലര്‍മാരെ അറിയിക്കുന്നില്ളെന്നാരോപിച്ച് അജണ്ടകളിലേക്കും കടക്കും മുമ്പേ കോണ്‍ഗ്രസിലെ എ.ടി. ഹംസ പ്രതിഷേധിച്ചു. ആന്‍േറാ തോമസ്, റഷീദ് കുന്നിക്കല്‍ എന്നിവരും ഇതേ പരാതി ഉന്നയിച്ചു. എല്ലാ കൗണ്‍സിലര്‍മാരെയും അറിയിക്കേണ്ടവ അറിയിച്ചിട്ടുണ്ടെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയേയോ കക്ഷിനേതാക്കളെയോ മാത്രം അറിയിക്കേണ്ടവ അവരെ മാത്രമെ അറിയിക്കാന്‍ കഴിയൂ എന്നും നഗരസഭാധ്യക്ഷ പറഞ്ഞു. ശോഭ ഹരിനാരായണന്‍, ജോയ് ചെറിയാന്‍, പി.എസ്. പ്രസാദ് എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.