എളുപ്പ വഴി തേടി; ഉരുക്കുപാളത്തില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു

തൃശൂര്‍: മുന്നറിയിപ്പുകള്‍ക്ക് നേരെ കണ്ണടച്ച്, എളുപ്പവഴി തിരഞ്ഞെടുത്തപ്പോള്‍ റെയില്‍പാളത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കഴിഞ്ഞമാസം ഒമ്പതിന് നെടുപുഴയില്‍ തയ്യല്‍ ക്ളാസില്‍ എളുപ്പത്തിലത്തൊന്‍ റെയില്‍ പാളത്തിലൂടെ പോയ രണ്ട് യുവതികള്‍ ട്രെയിന്‍ തട്ടി മരിച്ചതിന് പിറകെ വ്യാഴാഴ്ച അത്താണിയില്‍ പാളം കടക്കുന്നതിനിടെ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍ പാളത്തിലൂടെ നടക്കരുതെന്ന മുന്നറിയിപ്പ് അവഗണിക്കുന്നതാണ് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്. കഴിഞ്ഞ ദിവസം ഒല്ലൂരില്‍ ട്രെയിനില്‍നിന്നും ചാടിയിറങ്ങിയയാള്‍ പാളത്തിനടിയില്‍ കരുങ്ങിയെങ്കിലും സ്റ്റേഷന്‍ മാസ്റ്ററുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്. ട്രെയിനിടിച്ചും ട്രെയിനില്‍നിന്നും വീണും ഉണ്ടാകുന്ന മിക്ക അപകടങ്ങളും അശ്രദ്ധ മൂലം വരുന്നതാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. റെയില്‍പാളത്തിലൂടെ നടക്കുന്നതും അപായ സൂചനയുള്ളപ്പോള്‍ പാളം മുറിച്ചു കടക്കുന്നതും ശിക്ഷാര്‍ഹമാണ്. സ്റ്റേഷനുകളില്‍ ലഗേജുമായും മൊബൈല്‍ ഫോണില്‍ സംസാരിച്ചും യാത്രക്കാര്‍ പാളം കടക്കുന്നത് പതിവാണ്. റെയില്‍വേ പൊലീസിന്‍െറയും റെയില്‍വേ അധികൃതരുടെയും കര്‍ശന ജാഗ്രത ഉണ്ടായാല്‍ ദുരന്തങ്ങളുടെ എണ്ണം കുറക്കാനാവുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. നെടുപുഴയില്‍ മഴയത്ത് കുട ചൂടി നടന്ന സ്ത്രീകള്‍, കാട് പിടിച്ചു കിടന്ന വളവില്‍ വെച്ച് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തതാണ് അപകടം വിഴുങ്ങിയത്. അത്താണിയിലും സമാന അപകടകരമായ വളവാണ് കോളജ് വിദ്യാര്‍ഥിയുടെ ജീവന്‍ കവര്‍ന്നത്. മിണാലൂരില്‍ നിന്ന് അത്താണിയിലേക്കുള്ള എളുപ്പവഴിയിലൂടെ റെയില്‍ പാളം മുറിച്ചു കടന്ന് രാവിലെ കോളജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റെയില്‍ പാളത്തിലൂടെ ഫോണില്‍ സംസാരിച്ച് അലസമായി നടക്കുന്നവരും ഷോര്‍ട്ട് കട്ട് തേടുന്നവരും കമ്പാര്‍ട്ട്മെന്‍റിന്‍െറ പടികളിലിരുന്നും നിന്നും മൊബൈലില്‍ സല്ലപിക്കുന്നവരും സെല്‍ഫിയെടുക്കുന്നവരും മുന്നറിയിപ്പുകളെ അവഗണിക്കുന്നത്, മരണത്തെ ക്ഷണിച്ചു വരുത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.