തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒടുവില്‍ എസ്കലേറ്റര്‍ എത്തി

തൃശൂര്‍: ഒടുവില്‍ തിരുവനന്തപുരം റെയില്‍വേ ഇലക്ട്രിക്കല്‍ വിങ് കനിഞ്ഞു. കഴിഞ്ഞ ദിവസം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ എത്തി. പ്ളാറ്റ്ഫോമില്‍നിന്നും മേല്‍പാലത്തിലേക്കുള്ള എസ്കലേറ്ററിന്‍െറ ഫിറ്റിങ് ജോലികളാണ് ആരംഭിച്ചത്. 65 ലക്ഷം വീതമുള്ള രണ്ട് എസ്കലേറ്ററുകളാണ് സ്ഥാപിക്കുന്നത്. 1.30 കോടി ചെലവില്‍ ചൈനയില്‍നിന്നാണ് എസ്കലേറ്റര്‍ സാമഗ്രികള്‍ എത്തിക്കുന്നത്. മൂന്നാഴ്ചക്കകം കമീഷന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ പ്രവൃത്തികള്‍ നടന്നുവരികയാണെന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് എന്‍. നൈനാന്‍ പറഞ്ഞു. ആദ്യത്തേതിന്‍െറ പണിപൂര്‍ത്തീകരിക്കുന്നതോടെ രണ്ടാമത്തെ എസ്കലേറ്റര്‍ സാമഗ്രികള്‍ എത്തിക്കും. നിലവിലുള്ള രണ്ട് മേല്‍പാലങ്ങളിലും വീതി കുറവായത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചിരുന്നു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അഞ്ച് മീറ്റര്‍ വീതിയിലാണ് പുതിയ മേല്‍പാലം നിര്‍മിക്കുന്നത്. എസ്കലേറ്റര്‍ സ്ഥിപിക്കുന്ന നടപടികള്‍ കഴിഞ്ഞ ദിവസം തുടങ്ങി. മറ്റു പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞ് ഏഴുമാസമായി യാത്രക്കാര്‍ കാത്തിരിക്കുകയായിരുന്നു. രണ്ടു പ്ളാറ്റ്ഫോമുകളിലും ഫാബ്രിക്കേഷന്‍ ജോലി പൂര്‍ത്തിയായിട്ടുണ്ട്. മേല്‍ക്കൂര നിര്‍മാണവും കഴിഞ്ഞു. ഫാബ്രിക്കേഷന്‍ നടത്തിയ ഇടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് എസ്കലേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള സാഹചര്യവും ഒരുക്കി. ഇനി എസ്കലേറ്റര്‍ എത്തിയാല്‍ പ്രവര്‍ത്തനം തുടങ്ങാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എസ്കലേറ്റര്‍ വാങ്ങുന്നതിന് തടസ്സമായത് കരാറാണ്. ഇലക്ട്രിക്കല്‍ വിഭാഗം നല്‍കിയ ആദ്യ കരാറില്‍ ഒന്നും സംഭവിച്ചില്ല. രണ്ടാമത്തെ കരാറില്‍ നടപടികള്‍ എങ്ങുമത്തൊത്ത സാഹചര്യമായിരുന്നു ഇതുവരെ. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ പ്രവര്‍ത്തനം സാമ്പത്തികപ്രശ്നം മൂലം പലകുറി നിര്‍ത്തിവെച്ചിരുന്നു. 2013 ഒക്ടോബറോടെ നിലച്ച പണി 2014 ജൂലൈയില്‍ തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങി വീണ്ടും നിലക്കുകയായിരുന്നു. ആലുവ സ്വദേശിയായ കരാറുകാരന് പണം നല്‍കാത്ത സാഹചര്യവുമുണ്ടായി. ഏതാണ്ട് 30 ലക്ഷത്തിന്‍െറ പണി നടന്നെങ്കിലും 10 ശതമാനം പോലും പണം ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നില്ല. മേല്‍പാലത്തോടനുബന്ധിച്ച് മൂന്നുമാസത്തിനകം ലിഫ്റ്റും പ്രവര്‍ത്തനസജ്ജമാക്കും. ഒന്ന്, രണ്ട്, മൂന്ന് പ്ളാറ്റ്ഫോമുകള്‍ 26 ബോഗികള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ നീട്ടിപ്പണിയുന്ന ജോലികളും പുരോഗമിക്കുകയാണ്. നിലവില്‍ 24 ബോഗികള്‍ നിര്‍ത്താനുള്ള സൗകര്യമാണ് തൃശൂരിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.