ടാക്സി വിളിച്ച് തട്ടിപ്പ്: ഡ്രൈവര്‍ക്ക് 15,000 രൂപയും കാര്‍ വാടകയും പോയി

അഴീക്കോട്: കാര്‍ വാടകക്ക് വിളിച്ച് ഡ്രൈവറെ കബളിപ്പിച്ച് പണവുമായി മുങ്ങി. പുത്തന്‍പള്ളി കവലയിലെ ടാക്സി ഡ്രൈവര്‍ അഴീക്കോട് പരത്തിയെഴുത്ത് മജീദാണ് തട്ടിപ്പിനിരയായത്. ഇയാളുടെ 15,000 രൂപയും കാര്‍ വാടകയും നഷ്ടമായി. 35നും 40നും ഇടയില്‍ പ്രായമുള്ളയാളാണ് തട്ടിപ്പ് നടത്തിയതെന്ന് മജീദ് പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച വൈകീട്ട് ടാക്സി സ്റ്റാന്‍ഡിന് സമീപത്തെ സ്റ്റേഷനറി കടയില്‍ എത്തിയ ഇയാള്‍ വിദഗ്ധമായാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അടുത്തുള്ള കടയുടമയെ പരിചയപ്പെട്ട് കുടുംബസമേതം ഗള്‍ഫിലായിരുന്നെന്നും തൃശൂരില്‍ പോയി വരാന്‍ ടാക്സി വിളിക്കാന്‍ വന്നതാണെന്നും പറഞ്ഞ് കടയുടമയുടെ ഫോണില്‍നിന്ന് ഡ്രൈവറെ വിളിച്ചു. കാര്‍ വന്നയുടന്‍ യാത്രപറഞ്ഞ് കാറില്‍ കയറി. ഇതിനിടെ കടയുടമയില്‍നിന്ന് 1000 രൂപ തന്ത്രത്തില്‍ കൈക്കലാക്കിയത്രേ. യാത്രക്കിടെ ഡ്രൈവറോട് എ.ടി.എം കാര്‍ഡ് എടുക്കാന്‍ മറന്നെന്നും തിരിച്ച് അഴീക്കോട് പോകണമെന്നും അറിയിച്ചു. തിരികെ പോരുന്നതിനിടെ ഡ്രൈവര്‍ ആവശ്യം അന്വേഷിച്ചപ്പോള്‍ നെടുമ്പാശ്ശേരിയില്‍നിന്ന് വന്ന ലഗേജ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് വാങ്ങാനാണെന്നും 14,000 രൂപയുടെ ആവശ്യമുണ്ടെന്നും എ.ടി.എമ്മില്‍നിന്ന് എടുത്തുതരാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഡ്രൈവര്‍ യാത്രാമധ്യേ മകളുടെ വീട്ടില്‍ കയറി പണം വാങ്ങിക്കൊടുത്തു. വീണ്ടും തൃശൂരിലേക്ക് തിരിച്ചു. വൈകീട്ട് അഞ്ചോടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെി. ലഗേജ് വാങ്ങിവരാമെന്നുപറഞ്ഞ് പോയ യുവാവിനെ കാത്ത് വലഞ്ഞ മജീദ് യുവാവ് നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അഴീക്കോട്ടെ കടയുടമയാണ് ഫോണെടുത്തത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മജീദിന് ബോധ്യമായത്. ഏറെ കാലം ഗള്‍ഫിലായിരുന്ന കടയുടമക്കും ‘അകന്ന ബന്ധുവിനെ’ മനസ്സിലായിരുന്നില്ല. ഇരുവരും ഇയാളുടെ വാക്ചാതുരിയില്‍ വീണുപോവുകയായിരുന്നു. കാറിന്‍െറ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് വായ്പ വാങ്ങി മകളെ ഏല്‍പിച്ച പണമാണ് നഷ്ടപ്പെട്ടത്. പൊലീസുകാരന്‍െറ സഹായത്തോടെ തൃശൂര്‍ സ്റ്റാന്‍ഡില്‍ തിരഞ്ഞ മജീദ് നാല് മണിക്കൂറോളം കാത്തുനിന്നാണ് നിരാശനായി ഒടുവില്‍ അപകടമൊന്നും പറ്റിയില്ലല്ളോയെന്ന സമാധാനത്തില്‍ മടങ്ങിയത്. കൊടുങ്ങല്ലൂരിലത്തെി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.