വാഴപ്പഴം; വില വാഴുംപഴം

തൃശൂര്‍: നേന്ത്രനടക്കം പഴങ്ങള്‍ക്ക് തീവില. ഓണക്കാലത്തുവരെ ഉണ്ടാകാത്ത വിലയാണ് പാളയംകോടന്‍ അടക്കമുള്ള പഴങ്ങള്‍ക്ക്. ഇതുവരെ 20 രൂപക്ക് അപ്പുറം പോകാത്ത പാളയംകോടന് ചില്ലറ വിപണിയില്‍ കിലോക്ക് 40 രൂപയാണ് വില. മൊത്തവിപണിയില്‍ 32 രൂപയും. കാഴ്ചക്കുലക്കുപോലും കിട്ടാത്ത വിലയാണ് നേന്ത്രന് ഇപ്പോഴുള്ളത്. കിലോക്ക് 70 രൂപയാണ് ചില്ലറവില്‍പന വില. മൊത്ത വിപണിയില്‍ 60 രൂപയുണ്ട്. ചെങ്ങാലിക്കോടന് 75-80 രൂപ വരെയുണ്ട്. ചെങ്ങാലിക്കോടന് കര്‍ഷകര്‍ക്ക് 70 രൂപ വരെ കിട്ടുന്നുണ്ട്. ഞാലിപ്പൂവന് കിലോക്ക് 70 രൂപയാണ് വില. 60 മുതല്‍ 63 വരെയാണ് മൊത്തവില. പൂവന് 50 രൂപയാണ് ചില്ലറവില. കണ്ണന്‍െറ വിലയും സമാനമാണ്. 45 രൂപയാണ് മൊത്തവില. 20 രൂപ മൊത്തവിലയുള്ള റോബസ്റ്റക്ക് 30 രൂപയാണ് ചില്ലറവില. വിലയില്‍ പിറകിലല്ലാതെ കദളിപ്പഴങ്ങളും വിപണിയിലുണ്ട്. ക്ഷേത്രങ്ങളിലേക്കും, പൂജാവശ്യങ്ങള്‍ക്കും പ്രധാന ആവശ്യമുള്ള കദളിക്കും കര്‍ക്കടക വ്യത്യാസമില്ലാതെ വിലയേറിയിട്ടുണ്ട്. 20-30 രൂപയുണ്ടായിരുന്ന രസകദളിക്ക് 40-50 വരെയാണ് ചില്ലറ വില. ചെങ്കദളിക്ക് 50-60വരെയും വില ഉയര്‍ന്നിട്ടുണ്ട്. ഇത് കര്‍ക്കടകത്തിലെ കാര്യമാണെങ്കില്‍ ചിങ്ങത്തിലെ കാര്യം പറയേണ്ടെന്നാണ് വ്യാപാരികള്‍തന്നെ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പുളിയംവെട്ടി, നാടന്‍ ഇനങ്ങളായ നെടുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, വയനാടന്‍ അടക്കം നേന്ത്രപ്പഴങ്ങളാണ് ശക്തനില്‍ എത്തുന്നത്. വരവ് കുറവായതാണ് വില കൂടാന്‍ കാരണം. അതുകൊണ്ടാണ് കര്‍ക്കടകത്തില്‍ വില കൂടാന്‍ കാരണം. ഇതരസംസ്ഥാനത്തുനിന്ന് ഇവ എത്തുന്നതിന് നിയന്ത്രണം വന്നതും കൃഷി നശിച്ചതുമാണ് ഡിമാന്‍ഡിന് കാരണം. ചെങ്ങാലിക്കോടനും നെടുനേന്ത്രനും നാട്ടില്‍ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. പൂത്തൂര്‍, കല്ലൂര്‍, ആളൂര്‍, കോടാലി, കരുവന്നൂര്‍, താണിക്കുടം, പട്ടിക്കാട്, പീച്ചി, തൊട്ടിപ്പാള്‍, മനക്കൊടി, കൈപ്പറമ്പ്, വേലൂര്‍, ചേലക്കര, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. വില കൂടിയതിന്‍െറ ആഹ്ളാദം കര്‍ഷകര്‍ മറച്ചുവെക്കുന്നില്ല. ചിങ്ങം പുലരുന്നതോടെ വില ഇനിയും ഏറുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. വയനാടന്‍ കായ അധികം എത്താത്തത് ഉപ്പേരി വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. വില ഏറിയതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ കച്ചവടം കുറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.