ഗുരുവായൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാന്‍ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് സംവിധാനം വിലയിരുത്തിയശേഷം കിഴക്കേനടയിലും പിടിഞ്ഞാറേ നടയിലും പ്രീപെയ്ഡ് നടപ്പാക്കും. ഇന്നര്‍ റിങ് റോഡില്‍ വണ്‍വേ നടപ്പാക്കാനും യോഗം തീരുമാനിച്ചു. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി അടുത്ത മാസം മുതല്‍ വണ്‍വേ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓട്ടോകളുടെ അമിതനിരക്കിനെ കുറിച്ചും മോശം പെരുമാറ്റത്തെ കുറിച്ചും പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭാ അധ്യക്ഷ ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ യോഗം വിളിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ യോഗത്തില്‍ പങ്കെടുത്ത എല്ലാ ട്രേഡ് യൂനിയന്‍ അംഗങ്ങളും പിന്തുണച്ചു. ആദ്യഘട്ടമായി റെയില്‍വേ സ്റ്റേഷനില്‍ മതിയെന്നായിരുന്നു ട്രേഡ് യൂനിയനുകളുടെ അഭിപ്രായം. പ്രീപെയ്ഡ് സംവിധാനം വരുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക്ചെയ്യാന്‍ ഓട്ടോകള്‍ വിസമ്മതിക്കുന്ന ഘട്ടം ഉണ്ടായാല്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോക്ക് കാബിനും ആവശ്യമായ സോഫ്റ്റ്വെയറും നഗരസഭ നല്‍കും. മിനിമം വാടകക്ക് ഓട്ടോയില്‍ പോകാവുന്ന പ്രധാനസ്ഥലങ്ങളെ കുറിച്ച് ബോര്‍ഡ് സ്ഥാപിക്കും. ഈ നിരക്കുകള്‍ ഓട്ടോകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഓട്ടോ പാര്‍ക്കുകള്‍ എവിടെയെല്ലാം വേണമെന്നത് സംബന്ധിച്ച് നഗരസഭാ അധികൃതര്‍ തീരുമാനമെടുക്കും. ഇതിനുമുമ്പ് പൊലീസ്, ഗതാഗത വകുപ്പ്, ട്രേഡ് യൂനിയനുകള്‍ എന്നിവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നിലവിലെ പാര്‍ക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത് പൊലീസാണ്. പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഷെഡുകള്‍ അനുവദിക്കില്ല. ഗുരുവായൂര്‍ നഗരസഭാ പരിധിയിലുള്ള ഓട്ടോ ഉടമകള്‍ക്ക് മാത്രം നഗരത്തില്‍ പെര്‍മിറ്റ് പുതുക്കിനല്‍കിയാല്‍ മതിയെന്ന് ധാരണയായി. കൂടാതെ, ഡ്രൈവര്‍മാര്‍ പൊലീസ് നല്‍കിയ ബാഡ്ജ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കും. മിന്നല്‍ പണിമുടക്കിനെ അംഗീകരിക്കില്ളെന്ന് ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.ഐ.ടി.യു പ്രതിനിധി എ.എച്ച്. അക്ബര്‍ ആവശ്യപ്പെട്ടു. ‘അരിക്കല്‍’ എന്ന പേരില്‍ നടയില്‍ കറങ്ങിനടന്ന് ഓട്ടം എടുക്കുന്നത് ഒഴിവാക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്ന് യൂനിയന്‍ പ്രതിനിധി വി.വി. ജയന്‍ നിര്‍ദേശിച്ചു. നേരത്തേ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ബി.എം.എസ് പ്രതിനിധി സേതു തിരുവെങ്കിടം പറഞ്ഞു. ഒന്നിലധികം ഓട്ടോകളും ടാക്സികളും ഉള്ളവരേക്കാള്‍ ഉപജീവനത്തിനായി ഒരുവാഹനം മാത്രം ഉള്ളവര്‍ക്കാണ് നഗരത്തില്‍ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ മുന്‍ഗണന നല്‍കുക. നഗരസഭാഅധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാരിയര്‍, ആര്‍.വി. അബ്ദുല്‍ മജീദ്, മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍, തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി, എ.സി.പി ആര്‍. ജയചന്ദ്രന്‍ പിള്ള, സി.ഐ എന്‍. രാജേഷ്, ജോയന്‍റ് ആര്‍.ടി.ഒ എസ്.ആര്‍. ഷാജി, എം.വി.ഐ ടി.എം. ഇബ്രാഹിംകുട്ടി, ആര്‍.പി.എഫ് എ.എസ്.ഐ വി.കെ. ചന്ദ്രന്‍, യൂനിയന്‍ പ്രതിനിധികളായ എ.എച്ച്. അക്ബര്‍, കെ.എ. ജേക്കബ്, സേതു തിരുവെങ്കിടം, പി.എന്‍. പെരുമാള്‍, വി.പി. അബു, വി.വി. ജയന്‍, ഇ. മുരളീധരന്‍, സി.വി. ബാബു, എം.എം. മുകേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.