കിഴക്കേനട റോഡ് കടക്കാന്‍ ജീവന്‍ പണയം വെക്കണം

ഗുരുവായൂര്‍: കിഴക്കേനടയിലെ ബസ്സ്റ്റാന്‍ഡിന് മുന്നിലെ റോഡ് മുറിച്ചു കടക്കല്‍ ജീവന് ഭീഷണിയായി. ദിവസേന ആയിരക്കണക്കിനാളുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഇവിടെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. ഗുരുവായൂരില്‍ പലയിടത്തും സീബ്രാ ലൈനുകള്‍ വരച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇതൊന്നുമില്ല. സ്വകാര്യ ബസുകളുടെ നിയമലംഘനം ഇവിടത്തെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ബസുകള്‍ സ്റ്റാന്‍ഡിനകത്ത് കയറ്റിയശേഷം ആളുകളെ ഇറക്കണമെന്നാണ് നിര്‍ദേശമെങ്കിലും തൃശൂരില്‍നിന്ന് എത്തുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ റോഡില്‍ നിര്‍ത്തി ആളെ ഇറക്കും. ബസിറങ്ങിയവര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ നിര്‍ത്തിയിട്ട ബസിന്‍െറ മറവുമൂലം വാഹനങ്ങള്‍ കാണാത്തതിനാല്‍ അപകടങ്ങള്‍ സ്ഥിരമാണ്. സ്റ്റാന്‍ഡില്‍ കയറാതെ ആളെയിറക്കുന്ന ബസുകള്‍ക്കെതിരെ നടപടി വേണമെന്ന് രണ്ടുമാസം മുമ്പ് നഗരസഭാ അധ്യക്ഷ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബസുകള്‍ പഴയ രീതി തുടരുകയാണ്. ബസുകള്‍ സ്റ്റാന്‍ഡിന് പുറത്തേക്ക് പോകേണ്ട ഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കുന്ന ബസുകളും ഉണ്ട്. സ്റ്റാന്‍ഡില്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും നിയമലംഘനങ്ങള്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ കാണാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.