വാടകത്തര്‍ക്കം: ഡ്രൈവര്‍ക്ക് മര്‍ദനം; ഗുരുവായൂരില്‍ ഓട്ടോ പണിമുടക്ക്

ഗുരുവായൂര്‍: വാടക സംബന്ധിച്ച തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് കിഴക്കേനടയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. മിന്നല്‍ പണിമുടക്കിനെ അംഗീകൃത ട്രേഡ് യൂനിയനുകള്‍ എതിര്‍ത്തെങ്കിലും ഒരുവിഭാഗം ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് പണിമുടക്കിയത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു പണിമുടക്ക്. ശനിയാഴ്ച പുലര്‍ച്ചെയാണ് കിഴക്കേനടയിലെ ഓട്ടോഡ്രൈവര്‍ ബ്ളാങ്ങാട് ചേര്‍ക്കല്‍ മുഹമ്മദ് ആരിഫിന് (47) മര്‍ദനമേറ്റത്. കിഴക്കേനടയില്‍നിന്ന് വടക്കേക്കാട് ഭാഗത്തേക്ക് ഓട്ടം വിളിച്ച ഞമനേങ്ങാട് സ്വദേശി പന്തായില്‍ നിഷാദാണ് (30) തന്നെ മര്‍ദിച്ചതെന്ന് ആരിഫ് പരാതിയില്‍ പറഞ്ഞു. യാത്രക്കാരനെ വീട്ടിലിറക്കിയശേഷം 260 രൂപ വാടക ആവശ്യപ്പെട്ടപ്പോള്‍ അമിത ചാര്‍ജാണെന്നുപറഞ്ഞ് ആക്രമിക്കുകയായിരുന്നുവത്രേ. പരിക്കേറ്റ ആരിഫ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പൊലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ പ്രതിഷേധിച്ച് കിഴക്കേനടയില്‍ ഓട്ടോ പണിമുടക്കിന് ആഹ്വാനം ചെയ്തു. അക്രമം നടത്തിയ ആള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടും പണിമുടക്കില്‍നിന്ന് പിന്മാറിയില്ല. അക്രമത്തെ അപലപിച്ചെങ്കിലും ഐ.എന്‍.ടി.യു.സിയുടെയും ബി.എം.എസിന്‍െറയും സംഘടനകള്‍ പണിമുടക്കില്‍നിന്ന് വിട്ടുനിന്നു. മിന്നല്‍ പണിമുടക്ക് നടത്തേണ്ടതില്ളെന്ന് നേരത്തേ ഓട്ടോഡ്രൈവര്‍മാരുടെ കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. രാവിലെ മുതല്‍ വൈകീട്ട് വരെ കിഴക്കേനടയിലെ പാര്‍ക്കുകളിലെ ഓട്ടോകളൊന്നും ഓടിയില്ല. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും നടത്തി. പണിമുടക്കിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും കിഴക്കേനടയിലെ സ്റ്റാന്‍ഡിലും എത്തിയ തീര്‍ഥാടകരടക്കം ദുരിതത്തിലായി. അമിത ഓട്ടോനിരക്കിന്‍െറയും മോശം പെരുമാറ്റത്തിന്‍െറയും പേരില്‍ പരാതികളുയര്‍ന്ന പശ്ചാത്തലത്തിലാണ് ഗുരുവായൂരില്‍ ഓട്ടോറിക്ഷ മേഖലയില്‍ അസ്വസ്ഥതകള്‍ പടരുന്നത്. മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 26 ന് ഗതാഗത വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.