റോഡ് ഉപരോധിച്ച് പ്രതിഷേധം; കൗണ്‍സിലില്‍ അനുശോചനം

തൃശൂര്‍: കേരളവര്‍മ കോളജ് സ്റ്റോപ്പിന് സമീപം റോഡിലെ കുഴിയില്‍ ബൈക്ക് തെന്നി വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം. ബി.ജെ.പി, ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ തൃശൂര്‍-കുന്നംകുളം റോഡ് ഉപരോധിച്ചു. അപകടം നടന്ന സ്ഥലത്തായിരുന്നു ഉപരോധം. മരിച്ച പ്രസാദിന്‍െറ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എ.ഡി.എം സി.കെ. അനന്തകൃഷ്ണന്‍ സ്ഥലത്തത്തെി. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടു. നഷ്ടപരിഹാര വിഷയം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കാമെന്നും ഒരാഴ്ചക്കുള്ളില്‍ റോഡ് നന്നാക്കാമെന്നും ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എസ്. സമ്പൂര്‍ണ, ജില്ലാഭാരവാഹികളായ രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ഷാജന്‍ ദേവസ്വം പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ചതിനാല്‍ കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പടിഞ്ഞാറേക്കോട്ടവഴി തിരിച്ചുവിട്ടു. വിഷയം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. പ്രസാദിന്‍െറ മരണത്തില്‍ കൗണ്‍സില്‍ അനുശോചിക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ആവശ്യത്തെ കോണ്‍ഗ്രസും പിന്തുണച്ചതോടെ ഭരണപക്ഷം വഴങ്ങി. അപകടമരണത്തിന്‍െറ ഉത്തരവാദിത്തം ആര്‍ക്കാണെന്ന കാര്യത്തിലാണ് ചര്‍ച്ച നടന്നത്. കെ. രാവുണ്ണിയാണ് വിഷയം ഉന്നയിച്ചത്. റോഡിലെ കുഴികളില്‍ ക്വാറി അവശിഷ്ടം അടിച്ച് തടിതപ്പാനാണ് അധികൃതരുടെ ശ്രമമെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇതര ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇതേറ്റുപിടിച്ചു. മരിച്ചയാളുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദന്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ ഓഫിസ് സമുച്ചയത്തിന് മുന്നില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗണ്‍സിലര്‍മാരായ കെ. രാവുണ്ണി, കെ. മഹേഷ്, എം.എസ്. സമ്പൂര്‍ണ, വിന്‍ഷി അരുണ്‍കുമാര്‍, പൂര്‍ണിമ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.