അമിത നിരക്കിനെ ചൊല്ലി സംഘര്‍ഷം; സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

പെരുമ്പിലാവ്: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് അമിതനിരക്ക് ഈടാക്കിയത് സംഘര്‍ഷത്തിനിടയാക്കി. ബസ് നമ്പറില്ലാതെ വ്യാജ ടിക്കറ്റ് വിതരണം ചെയ്തതിന്‍െറ പേരില്‍ യാത്രക്കാരുമായി ജീവനക്കാര്‍ തട്ടിക്കയറി. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ പെരുമ്പിലാവില്‍ യാത്രക്കാര്‍ ബസ് തടഞ്ഞു. ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ -കണ്ണൂര്‍ റൂട്ടിലോടുന്ന ‘വിനായക’ ബസ് ഡ്രൈവര്‍ വെണ്ണിയൂര്‍ പുളിക്കല്‍ ജംഷീര്‍ (30), കണ്ടക്ടര്‍ കേച്ചേരി മേലേതലയ്ക്കല്‍ വീട്ടില്‍ സുനില്‍ദത്ത് (40) എന്നിവരെയാണ് എസ്.ഐ ടി.പി. ഫര്‍ഷാദ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബസില്‍ കയറിയ കൊരട്ടിക്കര ചെറുവത്ത് വളപ്പില്‍ ഷെരീഫ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് പെരുമ്പിലാവ് സ്വദേശി ചാത്തത്തയില്‍ ഷെരീഫ് എന്നിവരില്‍ നിന്നാണ് അമിത നിരക്ക് ഈടാക്കിയത്. ഫാസ്റ്റ് പാസഞ്ചര്‍ വണ്ടിയാണെന്ന് പറഞ്ഞ് പെരുമ്പിലാവില്‍ ഇറങ്ങേണ്ട യാത്രക്കാരില്‍നിന്ന് ചങ്ങരംകുളം വരെയുള്ള ചാര്‍ജ് ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കമായി. എന്നാല്‍, യാത്രക്കാര്‍ക്ക് നല്‍കിയ ടിക്കറ്റില്‍ ബസിന്‍െറ നമ്പറോ ഫാസ്റ്റ് പാസഞ്ചര്‍ എന്നോ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ബസിന്‍െറ മുകളിലുണ്ടെന്ന് പറഞ്ഞ് ജീവനക്കാര്‍ തര്‍ക്കിച്ചു. അമിത ചാര്‍ജ് തിരിച്ച് നല്‍കാന്‍ ശ്രമിച്ചതോടെ മറ്റ് യാത്രക്കാര്‍ ക്ഷുഭിതരായി. പിന്നീട്, അമിത നിരക്ക് നല്‍കിയവര്‍ പെരുമ്പിലാവില്‍ നാട്ടുകാരുടെ സഹായത്തോടെ ബസ് തടഞ്ഞു. ഈ സമയം ബസ് ആളുകള്‍ക്കുനേരെ കയറ്റാന്‍ ശ്രമിച്ചത് നാട്ടുകാരെ പ്രകോപിപ്പിച്ചു. ഇതിനിടെ യാത്രക്കാരെ ഇറക്കിവിട്ട് ബസ് ഓടിച്ചുപോയി. പഴയ കാലിച്ചന്ത റോഡിലൂടെ തിരിച്ച് പട്ടാമ്പി റോഡുവഴി പെരുമ്പിലാവ് സെന്‍ററിലേക്ക് വന്ന ബസ് നാട്ടുകാര്‍ വീണ്ടും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബസുമായി രക്ഷപ്പെടാന്‍ അനുവദിക്കില്ളെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തി. ഇതോടെ സ്ഥലത്തത്തെിയ ഹൈവേ പൊലീസ് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് കുന്നംകുളം പൊലീസിന് കൈമാറി. ഇതിനിടെ, ബസ് ഡ്രൈവര്‍ പരാതിക്കാരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് പൊലീസ് സ്റ്റേഷനില്‍ വാക്കുതര്‍ക്കത്തിന് കാരണമായി. പിന്നീട്, ബസ് ജീവനക്കാരുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ പെരുമ്പിലാവ് മുതല്‍ ബസ് തടഞ്ഞവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടത്തെി. ‘വിനായക’ ബസില്‍ മറ്റ് ബസുകളുടെ ടിക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ബസ് ജീവനക്കാര്‍ക്കെതിരെ അമിത ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ഉണ്ടായിരുന്നു. ഈ റൂട്ടില്‍ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ സൂപ്പര്‍ ഫാസ്റ്റിന്‍െറ ബോര്‍ഡ് സ്ഥാപിച്ച് സഞ്ചരിക്കുന്നതും പതിവാണ്. ഇതിനെതിരെ പരാതി ഉയര്‍ന്നാലും നടപടി ഉണ്ടാകാറില്ല. സ്വകാര്യ ബസില്‍ ടിക്കറ്റ് നല്‍കുന്നില്ളെന്നും അമിത ചാര്‍ജ് ഈടാക്കുന്നതും ചൂണ്ടിക്കാട്ടി സി.എം. ഷെരീഫ് ഗതാഗത മന്ത്രിക്കും ആര്‍.ടി.ഒക്കും പരാതി നല്‍കി. അതേസമയം, യാത്രക്കാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ ബസ് ജീവനക്കാര്‍ക്കെതിരെ ആര്‍.ടി.ഒ നടപടി സ്വീകരിക്കണമെന്നും ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊതുഗതാഗത സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സദറുദ്ദീന്‍ പുല്ലാളൂര്‍ ആവശ്യപ്പെട്ടു. നിരവധി സ്വകാര്യ ബസുകള്‍ അമിത നിരക്ക് വാങ്ങി യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് സമിതി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.