കഠിനം ഈ പഠനം

തൃശൂര്‍: സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പിച്ച് ജില്ലയില്‍ പ്ളസ് ടുവിന് ശനിയാഴ്ചയും ക്ളാസ്. 100 ശതമാനം വിജയം ലക്ഷ്യമിട്ട് അണ്‍ എയ്ഡഡ് സ്കൂളുകളാണ് ശനിയാഴ്ച നിര്‍ബന്ധിത ക്ളാസ് നടത്തുന്നത്. മറ്റ് പ്രവൃത്തി ദിനങ്ങളില്‍ ഏതെങ്കിലും ഒന്നിലെ ടൈംടേബ്ള്‍ അനുസരിച്ചാണ് പഠനം. തൃശൂര്‍ നഗരത്തില്‍ മാത്രം 10ഓളം സ്ഥാപനങ്ങളിലല്‍ ക്ളാസുകള്‍ നടക്കുന്നുണ്ട്. നിരവധി സ്ഥാപനങ്ങളില്‍ സ്ഥിരമായി ശനിയാഴ്ച ക്ളാസ് നടത്തുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ആശീര്‍വാദത്തോടെയാണിത്. ഇതിനായി സര്‍ക്കാര്‍ നിര്‍ദേശം തള്ളി ചില സ്കൂളുകള്‍ ടൈംടേബിളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച 45 മിനിറ്റിന്‍െറ എട്ട് പീരിയഡുകള്‍ എന്നത് ഒരു മണിക്കൂറാക്കി വര്‍ധിപ്പിച്ച് ആറ് പീരിയഡാക്കി കുറച്ച് ക്ളാസുകള്‍ നടത്തുന്ന സ്ഥാപനങ്ങളുണ്ട്. രാവിലെയും ഉച്ചക്കുമുള്ള ഇടവേളകള്‍ കവര്‍ന്നാണ് സമയം വര്‍ധിപ്പിച്ചത്. വിദ്യാഭ്യാസ വിദഗ്ധരും മന$ശാസ്ത്രജ്ഞരും അടക്കം രണ്ടുവര്‍ഷത്തെ പഠനത്തിലൂടെ ശാസ്ത്രീയമായി തയാറാക്കിയ ടൈംടേബിളാണ് സ്ഥാപനങ്ങള്‍ അട്ടിമറിച്ചത്. ശനിയാഴ്ച ക്ളാസ്മൂലം കുട്ടികള്‍ ഏറെ മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അത്യാവശ്യത്തിന് അവധിയെടുത്താല്‍ കുട്ടികളെ പീഡിപ്പിക്കുന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിക്കുന്നത്. വേനലില്‍ ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ മേയില്‍ വെക്കേഷന്‍ ക്ളാസ് നിരോധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച ക്ളാസ് പതിവാക്കിയത്. എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രമായ തൃശൂരില്‍ മികച്ച ഫലത്തിനായി ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കോച്ചിങ്ങിന് പോകാനാകാത്ത സാഹചര്യമാണുള്ളത്. മികച്ച ഫലത്തിനായി പരീക്ഷയോട് അനുബന്ധിച്ച് സ്പെഷല്‍ ക്ളാസുകള്‍ നടത്തുന്നതിന് കുട്ടികളും രക്ഷിതാക്കളും എതിരല്ല. അധ്യാപകരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. ശനിയാഴ്ച ക്ളാസ് പതിവാക്കിയെങ്കിലും അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചിട്ടില്ല. അധികജോലി ചെയ്യേണ്ട ഗതികേടിലാണ് അധ്യാപകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.