വിജിലന്‍സ് പരിധിയില്‍നിന്ന് വഴുതി കാര്‍ഷിക സര്‍വകലാശാലാ വി.സി

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ തസ്തിക വിജിലന്‍സ് ഡയറക്ടറുടെ അധികാര പരിധിയില്‍ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് തയാറാക്കിയ കുറിപ്പ് ഭരണസമിതിയില്‍ വെക്കാതെ നീട്ടിക്കൊണ്ടുപോകുന്നു. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഒഴികെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും 1983 മുതല്‍ അഴിമതി, സ്വഭാവദൂഷ്യം തുടങ്ങിയ വിഷയങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ അധികാര പരിധിയിലാണ്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സിന് കേസെടുക്കാം. ഇതു സംബന്ധിച്ച 1983ലെ സ്റ്റാറ്റ്യൂട്ടില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇക്കാര്യം കണക്കിലെടുത്ത് വൈസ് ചാന്‍സലറെക്കൂടി ഉള്‍പ്പെടുത്തി സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011 മേയ് 12ന് സര്‍ക്കാര്‍ സര്‍വകലാശാലക്ക് കത്തയച്ചിരുന്നു. ഇതനുസരിച്ച് 2012 ജൂലൈയില്‍ ഭരണസമിതിക്കുള്ള കുറിപ്പ് തയാറാക്കിയെങ്കിലും നവംബറില്‍ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. പി. രാജേന്ദ്രന്‍ കഴിഞ്ഞ നാലുവര്‍ഷമായി ഇത് ഭരണസമിതിയില്‍ വെക്കാന്‍ തയാറായിട്ടില്ളെന്നാണ് ആക്ഷേപം. ഭരണസമിതി മുമ്പാകെ വെക്കാതെ മാറ്റിവെക്കപ്പെട്ടിട്ടുള്ള കുറിപ്പുകളില്‍ ഏറ്റവും പഴക്കമുള്ളത് ഈ വിഷയമാണെന്ന് 125ാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിക്ക് എഴുതി നല്‍കിയ മറുപടിയില്‍ സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നു. തന്‍െറ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നത് തടയാന്‍ വി.സി നടത്തുന്ന ശ്രമം സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണെന്ന് കാര്‍ഷിക സര്‍വകലാശാല എംപ്ളോയീസ് അസോസിയേഷന്‍ ആരോപിച്ചു. ഭരണസമിതി മുമ്പാകെ കുറിപ്പ് സമര്‍പ്പിക്കാത്തതിനാല്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.