ഒറ്റ നമ്പറില്‍ ഭാഗ്യപരീക്ഷണം: കൂണ്‍ കണക്കെ ലോട്ടറിക്കടകള്‍

തൃശൂര്‍: ഒറ്റനമ്പര്‍ ലോട്ടറി വ്യാപിച്ചതോടെ ജില്ലയില്‍ ഭാഗ്യാന്വേഷികള്‍ പെരുകുന്നു. നഗരത്തില്‍ മുട്ടിന് ലോട്ടറിക്കടകള്‍ക്കുപുറമെയാണ് ഒറ്റ നമ്പറുകാരുടെ സാന്നിധ്യം. ഒരു ജങ്ഷനില്‍ത്തന്നെ നിരവധി ലോട്ടറിക്കടകളുണ്ട്. പൂട്ടിപ്പോകുന്ന കടകളിലെല്ലാം പകരംവരുന്നത് ലോട്ടറി കച്ചവടമാണ്. തമിഴ്നാട്ടില്‍നിന്നുള്ള ഏജന്‍സികളാണ് അധികവും. ചിലത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. വിവിധ സെന്‍ററുകള്‍ കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ലോട്ടറിക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. രാവിലത്തെന്നെ ഇത്തരക്കാര്‍ നഗരം കീഴടക്കും. വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് നടപടിയില്ല. ഒരേ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ പിടിച്ചുവെച്ച് ആവശ്യക്കാരേറെയുള്ള ഒറ്റനമ്പര്‍ വില്‍പനയാണ് പൊടിപൊടിക്കുന്നത്. നേരത്തേ ഇതരസംസ്ഥാന ലോട്ടറി വില്‍പന നടന്ന കാലത്ത് ഒരേ സീരിയല്‍ നമ്പറുകള്‍ മാത്രം വാങ്ങിക്കൂട്ടി വില്‍പന നടത്തിയിരുന്നു. ഈ പ്രവണതയാണ് ഇപ്പോള്‍ കേരള ഭാഗ്യക്കുറിയിലേക്കും വ്യാപിച്ചിരിക്കുന്നത്. 30 രൂപക്കുള്ള ടിക്കറ്റുകളിലാണ് ഒറ്റനമ്പര്‍ ചൂതാട്ടം നടക്കുന്നത്. പരിശോധന നടക്കാത്തതിനാല്‍ ഒറ്റനമ്പര്‍ ഭാഗ്യപരീക്ഷണം അരങ്ങുവാഴുകയാണ്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ കൂണുപോലെ ലോട്ടറിക്കടകള്‍ മുളച്ചു. ചില്ലറ വില്‍പനക്കാര്‍ ഏറിയതോടെ മൊത്തവില്‍പനക്കാര്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ഒറ്റ നമ്പര്‍ ടിക്കറ്റ് ചില്ലറവില്‍പനക്കാര്‍ക്ക് നല്‍കല്‍ നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍, മൊത്തക്കച്ചവടക്കാര്‍ വില്‍പന തകര്‍ക്കുകയാണ്. ജില്ലയില്‍ ചില്ലറക്കച്ചവടക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഭിന്നശേഷിക്കാരുടെ ജീവിതമാര്‍ഗമായിരുന്ന ലോട്ടറി കച്ചവടത്തില്‍ യുവതികളും സജീവമാണ്. 1500-2000 ഏജന്‍സികള്‍ക്കാണ് രജിസ്ട്രേഷനുള്ളത്. 8169 ഏജന്‍സികള്‍ രജിസ്ട്രേഷന് അപേക്ഷിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ 25,000ത്തില്‍ അധികം വരും. 9,10,000 ടിക്കറ്റുകളാണ് പ്രതിദിനം വില്‍ക്കുന്നത്. ഇതര ജില്ലകളില്‍നിന്ന് ടിക്കറ്റ് എത്തുന്നതോടെ ഇത് പത്തുലക്ഷം കവിയുമെന്ന് ജില്ലാ ലോട്ടറി അധികാരികള്‍ വ്യക്തമാക്കി. കമീഷന്‍ അടിസ്ഥാനത്തില്‍ ലോട്ടറി വിറ്റിരുന്നത് ഇപ്പോള്‍ കൂലിയടിസ്ഥാനത്തിലാണ്. ഇതരസംസ്ഥാന തൊഴിലാളികളെ കൂലിക്കുവെച്ച് വില്‍പന നടത്തുന്ന ഏജന്‍സികളുമുണ്ട്. നിര്‍മാണജോലിയില്‍ ഏര്‍പ്പെട്ടവരില്‍ 80 ശതമാനവും പണി കഴിഞ്ഞ് ലോട്ടറിയുമായി ഇറങ്ങുകയാണ്. ഇവര്‍ക്ക് 100 ടിക്കറ്റ് വിറ്റാല്‍ 350 രൂപയാണ് മൊത്തക്കച്ചവടക്കാരന്‍ നല്‍കുക. ബാക്കി 350 രൂപ ഇയാള്‍ക്ക് ലഭിക്കും. ബാക്കി വരുന്ന ടിക്കറ്റുകള്‍ തിരിച്ചുവാങ്ങും. ഇവയില്‍ സമ്മാനാര്‍ഹമായവയുടെ തുക വ്യാപാരിക്ക് ലഭിക്കും. സംസ്ഥാനത്തെ ലോട്ടറി വിപണിയുടെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ് ജില്ല. പാലക്കാടും കോട്ടയവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.